wayanad local

ഗ്രാമസംരക്ഷണ സമിതിയുമായി സഹകരിക്കില്ല: സിപിഎംസുല്‍ത്താന്‍

ബത്തേരി: വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ സമരപരിപാടികളുമായി ഇനിമുതല്‍ സഹകരിക്കില്ലെന്നു സിപിഎം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വടക്കനാട് മേഖലയിലെ വന്യജീവിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് രൂപംകൊണ്ട ആക്ഷന്‍ കമ്മിറ്റി ഉദ്ദേശ്യത്തില്‍ നിന്നു വ്യതിചലിച്ച് സര്‍ക്കാര്‍വിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമായ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ സമിതിയുമായി സഹകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, വന്യമൃഗശല്യത്തിനെതിരായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കും. വടക്കനാട് മേഖലയില്‍ ഭീതിപരത്തുന്ന കൊമ്പനെ മയക്കുവെടി വച്ച് പടികൂടണം. ആക്ഷന്‍ കമ്മിറ്റിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ തിരിച്ചറിയുക, വടക്കനാട് വന്യജീവിശല്യത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 22നു വൈകീട്ട് മൂന്നിന് വടക്കനാട് കണ്‍വന്‍ഷനും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചതായും കണ്‍വന്‍ഷനില്‍ തുടര്‍പ്രക്ഷോഭങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. വടക്കനാട് ഗ്രാമസംരക്ഷണ സമിതി ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചു. ഇതിനു പുറമെ നാളിതുവരെയുള്ള നഷ്ടപരിഹാരം മുഴുവന്‍ നല്‍കി. നഷ്ടപരിഹാരം വര്‍ധിപ്പിച്ചു. അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികളുടെ ഭാഗമായി കിടങ്ങുകളുടെ നവീകരണം ആരംഭിച്ചു. വടക്കനാട് കൊമ്പനെ തുരത്താന്‍ കുങ്കിയാനകളെ നിയോഗിച്ചു. ശാശ്വത പരിഹാരത്തിനായി ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു വിശദമായ റിപോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് ആദ്യമായി കാടും നാടും വേര്‍തിരിക്കുന്നതിന്നായി 600 കോടി രൂപ അനുവദിക്കുകയും അതില്‍ വടക്കനാടിന് പ്രഥമ പരിഗണന നല്‍കുമെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര നിലപാട് നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസ് കേന്ദ്രത്തില്‍ നിന്നും അനുകൂലമായ മറുപടി നേടിയെടുക്കാതെ ഇടുതുപക്ഷത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കി സമരത്തെ മാറ്റുകയാണെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ അഞ്ചു പഞ്ചായത്തിലൊഴികെ എല്ലായിടത്തും വന്യമൃഗശല്യമുണ്ട്. കാടും നാടും വേര്‍തിരിച്ച് വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാന്‍ ജനങ്ങളും വനംവകുപ്പ് ജീവനക്കാരും യോജിച്ചുള്ള പ്രവര്‍ത്തനമാണ് ഉണ്ടാവേണ്ടത്. ഇതിനു തടസ്സമായി നില്‍ക്കുന്ന വ്യക്തികളെയും ജീവനക്കാരെയും തിരിച്ചറിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കെ ശശാങ്കന്‍, വി വി ബബി, പി ആര്‍ ജയപ്രകാശ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it