Idukki local

ഗ്രാമപ്പഞ്ചായത്ത് ബജറ്റ് :പാമ്പാടുംപാറയിലും വലിയതോവാളയിലും ഷോപ്പിങ് കോംപ്ലക്‌സുകള്‍

തൊടുപുഴ: സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന്റെ 201617 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി കരിയിലക്കുളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോസുകുട്ടി താഴത്തുവീട്ടില്‍ ബജറ്റ് അവതരിപ്പിച്ചു.
86 ലക്ഷം രൂപ റവന്യു മിച്ചമുള്ള ബജറ്റാണ് ഇത്. മൂലധനവരവ് 15 കോടി 12 ലക്ഷം രൂപയും മൂലധന ചെലവുകള്‍ 13 കോടി 98 ലക്ഷം രൂപയും നീക്കിയിരുപ്പായി 1 കോടി 14 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പാമ്പാടുംപാറ ടൗണില്‍ 1 കോടി രൂപ മുതല്‍മുടക്കില്‍ ടൗണ്‍ ഷോപ്പിങ് കോംപ്ലക്‌സും വലിയതോവാളയില്‍ ടൗണ്‍ ഷോപ്പിങ് കോംപ്ലക്‌സിനായി 50 ലക്ഷം രൂപയും അനുവദിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാങ്കേതിക ജോലികള്‍ നടപ്പിലാക്കുന്നതിനും കാര്‍ഷിക വികസനത്തിനും മുന്‍ഗണന നല്‍കുന്നതിനായി 6 കോടി രൂപയും ജലനിധി പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി 3 കോടി രൂപയും ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും വികസനത്തിനും നാല് കോടി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, വിധവകളുടെ മക്കള്‍ക്ക് വിവാഹധനസഹായം എന്നിവയ്ക്കും ബഡ്ജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതോടൊപ്പം അവരുടെ സമഗ്ര വികസനം ലക്ഷ്യമാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതിയിലൂടെ ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതിനും വീടുകളില്‍ മാലിന്യ സംസ്‌കരണ യൂനിറ്റ് സ്ഥാപിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.
Next Story

RELATED STORIES

Share it