malappuram local

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് കരിങ്കൊടി വിദ്യാര്‍ഥികള്‍ക്കുനേരെ പോലിസ് ലാത്തി വീശി

വാഴക്കാട്: പഞ്ചായത്തിനെ ലഹരി മുക്തമായി പ്രഖ്യാപിച്ച ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പരാമര്‍ശത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പോലിസ് ലാത്തി വീശി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പങ്കെടുത്ത പരിപാടിയില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മ വാഴക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരേ മോശമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ഉച്ചയോടെ വിദ്യാര്‍ഥികള്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. പ്രസിഡന്റിനെതിരേ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതോടെ പഞ്ചായത്ത് അധികൃതര്‍ പോലിസിനെ വിളിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് പോലിസ് ലാത്തി വീശി. ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം, വിദ്യാര്‍ഥികള്‍ സ്വന്തം നിലയില്‍ പ്രതിഷേധിച്ചതാവാമെന്നും അവിടെ ലാത്തിവീശേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ ജലീല്‍ പറഞ്ഞു. പോലിസ് ലാത്തിവീശിയതിനെ അപലപിക്കുന്നതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പരിപാടിയില്‍ വാഴക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരേ മോശമായ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിക്കുന്നതായും പിടിഎ പ്രസിഡന്റ് റഫീഖ് അഫ്‌സല്‍ പറഞ്ഞു.
സ്‌കൂള്‍ അധികൃതരുടെ അനുമതിയില്ലാതെ കരിങ്കൊടി കാട്ടിയ കുട്ടികള്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പിടിഎ അടിയന്തര എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച നടന്ന ഋഷിരാജ് സിങ് പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുക മാത്രമേ താന്‍ ചെയ്തുള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മ അറിയിച്ചു.
Next Story

RELATED STORIES

Share it