Idukki local

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി; കുടിവെള്ള സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചു

തൊടുപുഴ: പഞ്ചായത്ത് പ്രസിഡന്റിന്റെ അനുചിത ഇടപെടലില്‍ നടയം-ശാസ്താംപാറ കുടിവെള്ള സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചു.അസഭ്യം പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് നടയം-ശാസ്താംപാറ കുടിവെള്ള സൊസൈറ്റിയുടെ ഭാരവാഹികള്‍ രാജിവച്ചത്. ഇടവെട്ടി പഞ്ചായത്തിലെ മൂന്ന്,നാല്,അഞ്ച്,ആറ് വാര്‍ഡുകളില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കുടിവെള്ളം വിതരണം ചെയ്തുവരുന്നത് ഈ സൊസൈറ്റിയാണ്.
പൊതുയോഗം നടത്തി ഗുണഭോക്താക്കളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരാണ് ഒരുവര്‍ഷക്കാലം ഇതിന്റെ ഭാരവാഹികള്‍. കഴിഞ്ഞ ജനുവരിയിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വേണ്ടത്ര പഠനം നടത്താതെ വലിപ്പം കുറഞ്ഞ പൈപ്പ് ലൈന്‍ സ്ഥാപിച്ചതുമൂലം നടയത്തെ കുളത്തില്‍ നിന്നും ശാസ്താംപാറയിലെ ടാങ്കില്‍ ആവശ്യമായ ജലം എത്തിച്ചേരാത്തതുമൂലം വെള്ളത്തിന് ക്ഷാമം നേരിടുന്ന സാഹചര്യം ഉണ്ടായി.ഇത് മനസ്സിലാക്കാതെ കമ്മിറ്റി അംഗങ്ങള്‍ രാഷ്ട്രീയം കളിച്ച് കോണ്‍ഗ്രസുകാരുടെ വീടുള്ള പ്രദേശത്തേക്ക് മാത്രം വെള്ളം കൊടുക്കുന്നില്ലെന്നു പറഞ്ഞ് ബഹളമുണ്ടാക്കി.തുടര്‍ന്നു പഞ്ചായത്ത്പ്രസിഡന്റ് സൊസൈറ്റിയുടെ സെക്രട്ടറിയെ അസഭ്യം പറഞ്ഞു.ഇതോടെ കമ്മിറ്റി അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി കത്ത് നല്‍കി.
വേനല്‍ കടുത്തതോടെ വാര്‍ഡുകളില്‍ സൊസൈറ്റി വെള്ളം ലഭിക്കാത്തതിനാല്‍ വലയുകയാണ്. വണ്ടി വെള്ളത്തെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ഇപ്പോള്‍ വാഹനത്തില്‍ കൊണ്ടുവരുന്ന വെള്ളത്തിന് വില.ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ വെള്ളം വാങ്ങിക്കേണ്ട ഗതികേടാണ്.
ഇതിനു കഴിവില്ലാത്ത പാവപ്പെട്ട ആളുകള്‍ക്ക് ഏക ആശ്രയമായിരുന്ന സൊസൈറ്റിയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായ നീക്കത്തില്‍ തകര്‍ന്നത്. കമ്മിറ്റി അംഗങ്ങള്‍ രാജിവച്ച് പോയതുമൂലം ഉണ്ടായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.അടിയന്തിരമായി പൊതുയോഗം വിളിച്ചുചേര്‍ത്ത് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്ത് സൊസൈറ്റിയുടെ പ്രവര്‍ത്തനം പുന:രാരംഭിച്ചില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് എല്‍.ഡി.എഫ്. മെംബര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അഞ്ചാം വാര്‍ഡ് മെംബര്‍ ഇ കെ അജിനാസ് അറിയിച്ചു.
Next Story

RELATED STORIES

Share it