Kollam Local

ഗ്രാമപ്പഞ്ചായത്തുകളിലും ഇടത് മുന്നേറ്റം; എല്‍ഡിഎഫ്-55, യുഡിഎഫ്-9

കൊല്ലം: ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫ് പിടിച്ചെടുത്തു. അഞ്ചല്‍, ചടയമംഗലം, ചവറ, ചിറ്റുമല, ഇത്തിക്കര, കൊട്ടാരക്കര, മുഖത്തല, ഓച്ചിറ, പത്തനാപുരം, വെട്ടിക്കവല എന്നിവടങ്ങളില്‍ എല്‍ഡിഎഫിന് നേരത്തെ തന്നെ കേവല ഭൂരിപക്ഷത്തിന് മുകളില്‍ അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. ശാസ്താംകോട്ട മാത്രമായിരുന്നു കേവല ഭൂരിപക്ഷമില്ലാതിരുന്നത്. ആകെയുള്ള 14 അംഗങ്ങളില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിനും ആറും സീറ്റുമാണുള്ളത്. പിന്നീടുള്ളത് ഒരു സ്വതന്ത്രനാണ്. ഇദ്ദേഹം എല്‍ഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതോടെ ഇവിടേയും ഭരണം എല്‍ഡിഎഫ് നേടുകയായിരുന്നു. ചിറ്റുമുല, ഇത്തിക്കര, കൊട്ടാരക്കര എന്നീ ബ്ലോക്കുകളില്‍ പ്രതിപ്ക്ഷിത്തിരിക്കാന്‍ യുഡിഎഫിന് ഒരു അംഗം മാത്രമാണുള്ളത്. ഇന്നലെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന 64 പഞ്ചായത്തുകളില്‍ 55 പഞ്ചായത്തുകളിലും എല്‍ഡിഎഫ് അധികാരത്തിലെത്തി. ഒമ്പതിടത്ത് യുഡിഎഫ് അധികാരത്തിലെത്തി. നാല് പഞ്ചായത്തുകളില്‍ അടുത്തമാസം തിരഞ്ഞെടുപ്പ് നടക്കും. കരീപ്ര, പവിത്രേശ്വരം, പിറവന്തൂര്‍, നെടുവത്തൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇവിടെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാത്തതാണ് തിരഞ്ഞെടുപ്പ് വൈകാന്‍ കാരണം. ചവറ, പന്‍മന, ക്ലാപ്പന, തേവലക്കര, ഓച്ചിറ, വെട്ടിക്കവല, കുണ്ടറ, പേരയം, പൂയപ്പള്ളി എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫ് വിജയിച്ചത്. മറ്റ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. കുളത്തൂപ്പുഴയില്‍ യുഡിഎഫ് വിമതരുടെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 20 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് പത്ത് യുഡിഎഫിനും എട്ട്, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ സ്വതന്ത്രരായി മല്‍സരിച്ച് വിജയിച്ച രണ്ടു സ്വതന്ത്രര്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതോടെയാണ് ഇവിടെ എല്‍ഡിഎഫ് ഭരണം പിടിച്ചത്.

യുഡിഎഫിന് മുന്‍തൂക്കമുണ്ടായിരുന്ന നിലമേലില്‍ രണ്ടംഗങ്ങള്‍ കാലുമാറിയതോടെ ഭരണം നഷ്ടമായി. യുഡിഎഫ് അംഗങ്ങളായ മുഹമ്മദ്കുഞ്ഞ്, ഷമീന പറമ്പില്‍ എന്നിവരാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. മുഹമ്മദ് കുഞ്ഞിനെ പ്രസിഡന്റാക്കിയാണ് എല്‍ഡിഎഫ് ഇവിടെ ഭരണം പിടിച്ചത്.
ഇട്ടിവയില്‍ എസ്ഡിപിഐയുടേയും ബിജെപിയുടേയും അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള എല്‍ഡിഎഫ് ഇവിടെ അധികാരത്തിലെത്തി. കരവാളൂരില്‍ രണ്ട് സ്വതന്ത്രര്‍ യൂഡിഎഫിന് പിന്തുണ നല്‍കിയതോടെ ഇരുമുന്നണികള്‍ക്കും എട്ടുവീതം വോട്ടുകള്‍ ലഭിച്ചു. തുല്യത പാലിച്ചതോടെ നറുക്കെടുപ്പ് നടത്തുകയും എല്‍ഡിഎഫ് വിജയിക്കുകയും ചെയ്തു. ചിതറയില്‍ രണ്ട് സ്വതന്ത്രന്‍മാര്‍ പിന്തുണ നല്‍കിയതോടെ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു.എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുണ്ടായിരുന്ന ചവറയില്‍ യുഡിഎഫ് റിബല്‍ ഉള്‍പ്പടെയുള്ള മൂന്ന് സ്വതന്ത്രന്‍മാരും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ ഇടതുമുന്നണിക്ക് ഭരണം ലഭിച്ചു. അതേസമയം എല്‍ഡിഎഫ് മുന്‍തൂക്കമുണ്ടായിരുന്ന തേവലക്കര പഞ്ചായത്തില്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്ത പന്മനയില്‍ എല്‍ഡിഎഫിന് പട്ടികജാതി വനിത ഇല്ലാത്തതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പന്‍മന പഞ്ചായത്തില്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം നിലവിലുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് എല്‍ഡിഎഫ് വിജയിച്ചു. 2010 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആര്‍എസ്പി കൂടി എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ ലഭിച്ചതിനെക്കാള്‍ മെച്ചപ്പെട്ട വിജയമാണ് സീറ്റിന്റെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും എല്‍ഡിഎഫിനുണ്ടായത്.
എസ്എന്‍ഡിപി നേതൃത്വത്തില്‍ ഒരു വിഭാഗവും ബിജെപിയും ഉണ്ടാക്കിയിട്ടുള്ള പുത്തന്‍ ബാന്ധവത്തിന് ജില്ലയില്‍ ഒരു സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപിയോട് മൃദു സമീപനം പുലര്‍ത്തുന്ന കോണ്‍ഗ്രസ് ജില്ലയില്‍ പലയിടത്തും പരസ്യമായും രഹസ്യമായും അവരുമായി കൂട്ടുകെട്ടുണ്ടാക്കുന്ന സ്ഥിതിയാണുണ്ടായത്. ബിജെപി വിജയിച്ച നിരവധി വാര്‍ഡുകളില്‍ യുഡിഎഫിന്റെ പ്രകടനം ഏറെ ദൂര്‍ബലമായിരുന്നു. കോണ്‍ഗ്രസ് പല സ്ഥലങ്ങളിലും ബിജെപിയെ നന്നായി സഹായിച്ചു. അതാണ് ബിജെപിക്ക് ലഭിച്ച സീറ്റിലും വോട്ടിലുമുണ്ടായ വര്‍ധനവ് കാണിക്കുന്നതെന്നും ബാലഗോപാല്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it