Districts

ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍; രജിസ്‌ട്രേഷന് തിരക്കേറുന്നു

തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍-9ന്റെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലകളില്‍ പുരോഗമിക്കുകയാണ്. പ്രീമിയം, സില്‍വര്‍, ജനറല്‍ എന്നീ വിഭാഗത്തില്‍ പ്രീമിയം, സില്‍വര്‍ വിഭാഗങ്ങളുടെ രജിസ്‌ട്രേഷനാണ് ഇപ്പോള്‍ നടന്നു വരുന്നത്.
20,000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കുന്ന പ്രീമിയം വിഭാഗത്തില്‍ ഇതിനോടകം 250ല്‍പരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ ആകെ പ്രീമിയം വിഭാഗം 176 മാത്രമായിരുന്നു. സീസണിന്റെ ആരംഭമാവുമ്പോഴേക്ക് ഈ വിഭാഗത്തില്‍ 500ല്‍പരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ജികെഎസ്എഫ് ഡയറക്ടര്‍ കെഎം അനില്‍ മുഹമ്മദ് അറിയിച്ചു. സില്‍വര്‍ വിഭാഗത്തില്‍ 3000ല്‍പരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷം കൂപ്പണ്‍ വീതം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറായി നാല് വ്യാപാര സ്ഥാപനങ്ങള്‍ ഈ സീസണില്‍ സ്വമേധയാ മുന്നോട്ടു വന്നു.
ബീമാ ജ്വല്ലേഴ്‌സ്, ചുങ്കത്ത് ജ്വല്ലറി, ജോസ്‌കോ ജ്വല്ലേഴ്‌സ് എന്നിവയാണ് ട്രേഡ് പാര്‍ട്ണര്‍മാരായി ജികെഎസ്എഫില്‍ പങ്കെടുക്കുന്നത്. നവംബര്‍ രണ്ടാംവാരം മുതല്‍ വ്യാപാര സംഘടനകളും രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവും. ജനറല്‍ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍ കൂടി ആരംഭിക്കുന്നതോടെ 20,000ല്‍പരം വ്യാപാരസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന വ്യാപാരമേളയായി സീസണ്‍-9 മാറുമെന്ന് ഡയറക്ടര്‍ അറിയിച്ചു. എല്ലാ വ്യാപാര സംഘടനകളും സജീവമായി സഹകരിക്കുന്നു എന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജികെഎസ്എഫിന്റെ വിജയത്തിനു വേണ്ടി വ്യാപാരി വ്യവസായ ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി എന്നിവയുടെ വിവിധ തലങ്ങളിലുള്ള യോഗങ്ങള്‍ നടന്നു വരികയാണ്.
Next Story

RELATED STORIES

Share it