ഗ്രാന്‍ഡ് കേരള ആയുര്‍വേദ ഫെയര്‍- സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: കോഴിക്കോട്ടു നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ മേള(ജിഎഎഫ്- 2016)യുടെ ഭാഗമായി കേരളത്തിലുടനീളം ഗ്രാന്‍ഡ് കേരള ആയുര്‍വേദ ഫെയര്‍- 2016 സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്തു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്നുരാവിലെ 11ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായുള്ള ക്യാംപുകള്‍ 14 മുതല്‍ 28 വരെ എല്ലാ ജില്ലയിലും നടക്കും. സെമിനാറുകള്‍, റോഡ്‌ഷോ, ബോധവല്‍ക്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാംപുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ രോഗപരിശോധന, ചികില്‍സാ നിരക്കില്‍ ഇളവുകള്‍, ഔഷധസസ്യ പ്രചാരണം (ആയുര്‍വേദ ആരാമം പദ്ധതി) എന്നിവയാണ് പ്രധാന പരിപാടികള്‍.
കോഴിക്കോട്ടെ പരിപാടി നാളെ ഉച്ചയ്ക്ക് ബീച്ചില്‍ നടക്കും. ലയണ്‍സ് പാര്‍ക്കില്‍നിന്ന് വിളംബരജാഥയായി തുടങ്ങി ബീച്ചിലെത്തിയാണ് ജില്ലതല ഉദ്ഘാടനം നടക്കുക. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ ഗവ. ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ അശോക് അധ്യക്ഷത വഹിക്കും. മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെയാണ് കോഴിക്കോട്ടു നടക്കുക. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള 100 പ്രബന്ധങ്ങള്‍ ഉള്‍പ്പെടെ ആയിരം പ്രബന്ധാവതരണവും നടക്കും.
ആയുര്‍വേദത്തിന് അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് മേളയുടെയും സെമിനാറുകളുടെയും മുഖ്യലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ കമാല്‍ വരദൂര്‍, ഡോ. ബി ജി അഭിലാഷ്, ജാബിര്‍ ഈരളൂര്‍, ഡോ. പുഷ്പവല്ലി, എന്‍ പി രാജീവ് പങ്കെടുത്തു.
Next Story

RELATED STORIES

Share it