wayanad local

ഗ്യാസ് സബ്‌സിഡി തെറ്റായ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നെന്ന് പരാതി

കല്‍പ്പറ്റ: പാചകവാതക സബ്‌സിഡി മറ്റൊരു അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതായി ഉപഭോക്താവിന്റെ പരാതി. ഇതു ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തുകയാണെന്നും ആക്ഷേപമുണ്ട്. കല്‍പ്പറ്റ ഭാരത് ഗ്യാസ് ഏജന്‍സിയില്‍ നിന്നു കണക്ഷനെടുത്ത പിണങ്ങോട് സ്വദേശി അബൂബക്കര്‍ ഹാജിയുടെ പാചകവാതക സബ്‌സിഡിയാണ് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ മൂന്നുമാസമായി നിക്ഷേപിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയിലെ ഗ്യാസ് ഏജന്‍സിയെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നു. പാചകവാതക സബ്‌സിഡിക്കായി അബൂബക്കര്‍ ഹാജി ഗ്യാസ് ഏജന്‍സിയില്‍ നല്‍കിയിരിക്കുന്നത് കേരള ഗ്രാമീണ്‍ ബാങ്കിന്റെ അക്കൗണ്ട് നമ്പറാണ്. ഒപ്പം ആധാര്‍ നമ്പറും നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മുടക്കമില്ലാതെ അബൂബക്കര്‍ ഹാജിയുടെ അക്കൗണ്ടിലേക്ക് തന്നെ പണം വന്നുചേരുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ നവംബറില്‍ തുക അക്കൗണ്ടില്‍ എത്തിയില്ല. സാങ്കേതിക തകരാര്‍ മൂലമായിരിക്കുമെന്നു കരുതി അബൂബക്കര്‍ ഹാജി കുറച്ചുദിവസം കാത്തിരുന്നു. അതിനിടെ, ഡിസംബറിലെ തുക ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് കൃത്യമായി എത്തുകയും ചെയ്തു.
പിന്നീടുള്ള രണ്ടുമാസത്തെ തുക അക്കൗണ്ടില്‍ കയറിയില്ലെങ്കിലും കൃത്യമായി ഉപഭോക്താവിന്റെ ഫോണ്‍ നമ്പറിലേക്ക് തുക അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നു കാണിച്ച് സന്ദേശം വന്നു. ഇതോടെയാണ് അബൂബക്കര്‍ ഹാജി ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടത്. തുക എച്ച്ഡിഎഫ്‌സി ബാങ്കിലെ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കൃത്യമായി പോവുന്നുണ്ടെന്ന് മനസ്സിലായി. എന്നാല്‍, ഇത്തരത്തില്‍ തന്റെ പേരില്‍ ഒരു അക്കൗണ്ടില്ലെന്ന് അധികൃതരെ ഇദ്ദേഹം അറിയിച്ചപ്പോള്‍, നിങ്ങള്‍ ലീഡ് ബാങ്കില്‍ പരാതി നല്‍കൂവെന്നാണ് മറുപടി ലഭിച്ചത്.
കൃത്യമായി അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിശകിന് മൂന്നു മാസത്തെ പാചകവാതക സബ്‌സിഡിയാണ് ഉപഭോക്താവിന് നഷ്ടമായത്. ഇതു പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാവണമെന്ന് അബൂബക്കര്‍ ഹാജി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it