Flash News

ഗോ സംരക്ഷണം : ആളുകളെ കൊല്ലുന്നത് അംഗീകരിക്കില്ല - പ്രധാനമന്ത്രി



ന്യൂഡല്‍ഹി: ഗോഭക്തിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധി ഇതൊന്നും അംഗീകരിക്കില്ലെന്നും മോദി പറഞ്ഞു. അഹ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്റെ ഭാഗമായുള്ള ആശ്രം ഗോശാലാ ട്രസ്റ്റ് സംഘടിപ്പിച്ച നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ആര്‍ക്കും നിയമം കൈയിലെടുക്കാനുള്ള അവകാശമില്ല. നമ്മള്‍ അഹിംസയുടെ നാട്ടുകാരാണ്. അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു. ഗോരക്ഷയുടെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഗോരക്ഷയുടെ മാര്‍ഗങ്ങള്‍ വിനോബ ഭാവെയും മഹാത്മാഗാന്ധിയും നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. അതാണ് നമ്മുടെ മാര്‍ഗം. മഹാത്മാഗാന്ധി സ്വപ്‌നം കണ്ട ഇന്ത്യയിലേക്ക് രാജ്യത്തെ നയിക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാം. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ അഭിമാനിക്കും വിധമുള്ള ഇന്ത്യയെ നമുക്ക് രൂപപ്പെടുത്തിയെടുക്കാം. ഇവിടെ അക്രമങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. അക്രമം കൊണ്ട് ഇതുവരെ ഒന്നും പരിഹരിച്ചിട്ടില്ല. ഇനി പരിഹരിക്കാനാവുകയുമില്ല- മോദി പറഞ്ഞു. കഴിഞ്ഞ ആഗസ്തിലും മോദി ഗോരക്ഷകര്‍ക്കെതിരേ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, ഗോരക്ഷയുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ കുറഞ്ഞില്ലെന്നു മാത്രമല്ല, കൂടുകയും ചെയ്തു. അതേസമയം, ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് അരക്ഷിതാവസ്ഥയോ പേടിയോ അനുഭവപ്പെടേണ്ട സാഹചര്യമില്ലെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ചിലര്‍ മാധ്യമശ്രദ്ധ കിട്ടാനും സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകിടംമറിക്കാനും ചില അക്രമങ്ങള്‍ ചെയ്യുന്നുണ്ട്. അവരെ നിയമപരമായി നേരിടും. ഗോരക്ഷയുടെ പേരില്‍ രാജ്യത്തുണ്ടായ സംഭവങ്ങള്‍ക്കു പിന്നില്‍, അത് ചെറുതായാലും വലുതായാലും ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഇതിനെയൊന്നും ന്യായീകരിക്കാന്‍ കഴിയില്ല- വഖ്ഫ് ബോര്‍ഡ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെ നഖ്‌വി പറഞ്ഞു.
Next Story

RELATED STORIES

Share it