ഗോവ: സ്വന്തം സര്‍ക്കാരിനെതിരേ ഡെപ്യൂട്ടി സ്പീക്കറുടെ വിമര്‍ശനം

പനാജി: അക്രമികളായ ഗോരക്ഷകര്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത ഗോവയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ. ഗോരക്ഷകരുടെ അക്രമംമൂലം സംസ്ഥാനത്ത് ബീഫിന് ക്ഷാമമുണ്ടെന്ന് ലോബോ പറഞ്ഞു.
ബീഫ് ക്ഷാമം ടൂറിസം മേഖലയെ ബാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഉത്തര ഗോവ ജില്ലയിലെ കലന്‍ഗട്ട് മണ്ഡലത്തെയാണ് ലോബോ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.
അടച്ചുപൂട്ടിയ സര്‍ക്കാര്‍ ഉടമയിലുള്ള ഗോവ മീറ്റ് കോംപ്ലക്‌സ് വീണ്ടും തുറക്കണം. ഗോ സംരക്ഷകര്‍ എന്നു സ്വയം വിളിക്കുന്ന ചിലര്‍ ബീഫ് കൊണ്ടുവന്ന ലോറികള്‍ അതിര്‍ത്തിയില്‍ തടഞ്ഞു. അവരെ നേരിടുന്നതില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു-ലോബോ പറഞ്ഞു. ഗോരക്ഷാ സംഘങ്ങള്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ബീഫ് വ്യാപാരികള്‍ ഈ വര്‍ഷമാദ്യം പണിമുടക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അതേസമയം, ഗോവ മീറ്റ് കോംപ്ലക്‌സ് ആഗസ്ത് 22നകം പ്രവര്‍ത്തനമാരംഭിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി മൗവിന്‍ ഗോഡിനോ പറഞ്ഞു.
Next Story

RELATED STORIES

Share it