Articles

ഗോവിന്ദാപുരത്തെ പന്തിഭോജനം

അവകാശങ്ങള്‍ നിഷേധങ്ങള്‍
ബാബുരാജ് ബി എസ്
ഗോവിന്ദാപുരത്തുനിന്നുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ഇതാ പുതിയൊരു വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നു. ഇവിടത്തെ അംബേദ്കര്‍ കോളനിക്കകത്ത് രണ്ട് ചായക്കടകളാണുള്ളത്. ഒരു ചായക്കടയില്‍ ചക്ലിയര്‍ മാത്രമേ പോവാറുള്ളൂ. മറ്റേതില്‍ രണ്ടുകൂട്ടരും പോവുമെങ്കിലും രണ്ടുകൂട്ടരോടും രണ്ടു പെരുമാറ്റമാണ്. ഈ ചായക്കടയില്‍ ചക്ലിയര്‍ക്കു വേണ്ടി പ്രത്യേക ഗ്ലാസുകള്‍ സൂക്ഷിച്ചിരിക്കുന്നു. പൊതുഗ്ലാസുകളില്‍ അവര്‍ക്ക് ചായ കൊടുക്കാറില്ല. ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയനുസരിച്ച് ആദ്യം അമ്പലത്തിലും കയറ്റിയിരുന്നില്ല. ഇപ്പോള്‍ കയറ്റാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റൊന്നുംകൊണ്ടല്ല. ഇല്ലെങ്കില്‍ ചക്ലിയര്‍ കൈവിട്ടുപോവുമെന്നു കരുതിയാണ്. അതിന്റെ സൂചനയുമുണ്ടായി. അവര്‍ തങ്ങളെ വേണ്ടാത്ത ക്ഷേത്രം ഉപേക്ഷിച്ച് പുതിയതൊന്നു പണിതു. വെള്ളമെടുക്കുന്നിടത്ത് രണ്ട് പൈപ്പുകളാണ്. ഒന്ന് മേലാളര്‍ക്കും മറ്റൊന്ന് ചക്ലിയര്‍ക്കും. ചക്ലിയ കോളനിയിലെ ശിവരാജന്‍ പറയുന്നത്, തങ്ങള്‍ക്ക് ചിരട്ടയിലാണ് വെള്ളം കിട്ടിയിരുന്നതെന്നാണ്. 2001 മുതല്‍ ഇന്നുവരെയുള്ള മാറ്റം അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു: ചിരട്ടകള്‍ മാറി ഗ്ലാസുകള്‍ വന്നിരിക്കുന്നു. തീര്‍ച്ചയായും കേരളീയ പൊതുസമൂഹത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഈ അയിത്താചരണം. കുറ്റംപറയരുതല്ലോ, നാം ആവശ്യത്തിനു ഞെട്ടുകയും ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം ചക്ലിയരോടൊപ്പം പന്തിഭോജനം നടത്തി. പലരെയും ക്ഷണിച്ചിരുന്നെങ്കിലും കുറച്ചുപേരേ വന്നിരുന്നുള്ളു. ബല്‍റാമിന്റെ സന്ദര്‍ശനംപോലും പ്രാദേശിക പാര്‍ട്ടിനേതൃത്വം തടയാന്‍ ശ്രമിച്ചെന്നും കേള്‍ക്കുന്നു. സിപിഎമ്മുകാരനായ കണ്ണപ്പനും ആരോപിക്കുന്നത് അന്നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാതിവിവേചനം കാണിക്കുന്നുണ്ടെന്നാണ്. അദ്ദേഹം സ്വന്തം പാര്‍ട്ടിയെയും ഒഴിച്ചുനിര്‍ത്തുന്നില്ല. ഗോവിന്ദാപുരത്തെ അയിത്തം ഒരു പുതിയ സംഭവമല്ലെന്നതാണ് യാഥാര്‍ഥ്യം. കൊല്ലങ്കോടും മീനാക്ഷിപുരത്തും മറ്റും ഇത്തരം വിവേചനങ്ങള്‍ നിരവധി തവണ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗോവിന്ദാപുരത്തെ വിവേചനം പ്രകടിത സ്വഭാവമുള്ളതായതുകൊണ്ടാണ് അതു നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അങ്ങനെയല്ലാതെയുള്ള വിവേചനവും നാട്ടില്‍ ധാരാളമുണ്ടെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. കൊടുങ്ങല്ലൂരുകാരനായ വിനോദ് തന്റെ അനുഭവം ഒരിക്കല്‍ പങ്കുവച്ചതോര്‍ക്കുന്നു. അദ്ദേഹം ഇപ്പോള്‍ ഗള്‍ഫിലാണ്. പോവുന്നതുവരെ അദ്ദേഹത്തിന്റെ മുഖ്യ പരാതി തന്റെ സഹപ്രവര്‍ത്തകയെക്കുറിച്ചായിരുന്നു. മേല്‍ജാതിക്കാരിയായ അവര്‍ വിനോദുമായി എപ്പോഴും വഴക്കുകൂടുമായിരുന്നു. അത്യാവശ്യം സാമൂഹികബോധമുള്ള അയാളുമായി തര്‍ക്കിക്കുന്നതില്‍ ആ സ്ഥാപനത്തിലെ മിക്കവരും വല്ലാത്ത താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവത്രേ. സംവരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് അവരെ അതിയായി പ്രകോപിപ്പിച്ചിരുന്നത്. മേല്‍ജാതിക്കാരില്‍ നിന്ന് “തട്ടിയെടുക്കുന്ന’ തൊഴിലവസരങ്ങള്‍ അവരെ വല്ലാതെ അരിശംകൊള്ളിക്കും. തങ്ങളും വിവേചനത്തിന് ഇരയാവുന്നുവെന്നാണു പരാതി. സംവരണജാതികളാണ് കാരണമെന്നും അവര്‍ കരുതുന്നു. ഇതിനിടയിലും അവര്‍ക്കൊരു ആശ്വാസമുണ്ട്. ഒരു സഹപ്രവര്‍ത്തക അത് തുറന്നുപറയുകയും ചെയ്തു. പാമ്പുമ്മേക്കാട്ട് ക്ഷേത്ര മൂലസ്ഥാനത്തേക്ക് നായര്‍ക്കു താഴെ ആരെയും പ്രവേശിപ്പിക്കാറില്ല. ക്ഷേത്രക്കുളത്തില്‍ കുളിക്കാനും പാടില്ല. തങ്ങളോട് സംവരണത്തിലൂടെ വിവേചനം കാണിക്കുന്നവരോട് ഒരു മധുരപ്രതികാരമെന്നാണു മട്ട്!  രണ്ടു ടേം മുമ്പത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരിലെ ശൃംഗപുരം വാര്‍ഡ് സംവരണ മണ്ഡലമായിരുന്നു. കൊങ്കിണികള്‍ ധാരാളമുള്ള ഈ വാര്‍ഡില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം. ആ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഈ വാര്‍ഡിലാണ്. കാരണം മറ്റൊന്നുമല്ല. സ്വന്തം പാര്‍ട്ടിക്കാരനായാലും ജയിക്കുന്നത് ദലിതനല്ലേ എന്ന ചിന്തയില്‍ സവര്‍ണര്‍ വോട്ട് ചെയ്യാന്‍ മിനക്കെട്ടില്ല.  ഇതൊക്കെ പഴയ പ്രശ്‌നമാണെങ്കില്‍ പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളില്‍ സാംബവര്‍ പഠിക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ മറ്റു ജാതിക്കാര്‍ പഠിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന വാര്‍ത്തയ്ക്ക് അത്ര പഴക്കമില്ല. ഇത്തരത്തില്‍ ഗുപ്തവും അല്ലാതെയുമുള്ള നിരവധി ജാതി അനുഭവങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. അതൊക്കെ ഒറ്റപ്പെട്ട പ്രശ്‌നമാണെന്ന് തള്ളിക്കളയുകയാണു പലരും ചെയ്യുക. എന്നാല്‍, പന്തിഭോജനത്തിന്റെ 100ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ മലയാളി വീണ്ടുമൊരു യഥാര്‍ഥ പന്തിഭോജനം നടത്തേണ്ടിവന്നുവെന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
Next Story

RELATED STORIES

Share it