palakkad local

ഗോവിന്ദാപുരം: സമരക്കാര്‍ക്കെതിരേ കള്ളക്കേസെടുക്കുന്നെന്ന് ആരോപണം



പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അയിത്താചരണത്തിനെതിരെ സമരം നടത്തുന്ന ചക്ലിയ സമുദായക്കാര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പോലിസിനെ ഉപയോഗിച്ച് സി.പി.എം സമരം നിര്‍ജീവമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു. കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന് എക്‌സൈസിന് പരാതി നല്‍കി ചക്ലിയ സമുദായക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയാണ്. ജാതി വിവേചനത്തിനെതിരെ നടക്കുന്ന സമരത്തെ രാഷ്ട്രീയവത്കരിക്കാന്‍ സി.പി.എം ശ്രമിക്കുകയാണ്. കോളനിയില്‍ മനപൂര്‍വം സംഘര്‍ഷമുണ്ടാക്കി സമരക്കാരെ അറസ്റ്റ് ചെയ്യിക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം ശ്രമിക്കുകയാണ്. കോളനിയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച കോളനിയില്‍ സിപിഎം മനപൂര്‍വം സംഘര്‍ഷമുണ്ടാക്കിയതാണ്. സംഘര്‍ഷത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയെന്നത് വ്യാജ പരാതിയാണ്. ഈ കേസില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന ശിവരാജനെതിരെ 316 വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. ഈ സംഭവത്തില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്റെ മകന്‍ അഖിലനെ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. കോളനിയില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെ താമസിക്കുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശെല്‍വെന്റെ നേതൃത്വത്തില്‍ സിപിഎമ്മുകാരെ ആക്രമിച്ചുവെന്നാണ് പാര്‍ട്ടി മുഖപത്രത്തില്‍ വാര്‍ത്ത നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ചക്ലിയ സമുദായക്കാരുടെ ബൈക്കുകള്‍ പോലിസ് സ്റ്റേഷനില്‍ അകാരണമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുമേഷ് അച്യുതന്‍, സമരസമിതി നേതാക്കളായ ശിവരാജ്, കണ്ണപ്പന്‍, ശെന്തില്‍കുമാര്‍ എന്നിവര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it