Flash News

ഗോവിന്ദാപുരം- ജാതി വിവേചനത്തിനു പിന്നില്‍ സവര്‍ണ ഗൂഢാലോചന : എന്‍സിഎച്ച്ആര്‍ഒ



പാലക്കാട്: ജീവിത ക്ലേശങ്ങളില്‍ കഷ്ടപ്പെടുന്ന ചക്ലിയ-ഇറവാളരെ ജാതി തടവറയില്‍ പൂട്ടിയിടാനുള്ള സവര്‍ണ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ പ്രശ്‌നങ്ങളെന്ന് എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണ സംഘം. സവര്‍ണാധിപത്യത്തിനെതിരേ ദലിതര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ജാതി വിവേചനവും ജാതിക്കുള്ളിലെ വിഭജനവും നടപ്പാക്കി അവരെ ദുര്‍ബലമാക്കുകയാണ് സിപിഎം, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് സംഘം പറഞ്ഞു.  ചക്ലിയ-ഇറവാളര്‍ക്കിടയില്‍ ശക്തമായ വൈരം വളര്‍ത്തിയെടുത്തും ചക്ലിയരെ വിഭജിച്ചും പട്ടികജാതി ക്ഷേമ സമിതിയിലും ദലിത് കോണ്‍ഗ്രസ്സിലും പട്ടികജാതി മോര്‍ച്ചയിലും അണിനിരത്താനുള്ള ബ്രാഹ്മണ്യത്തിന്റെ ചതിപ്രയോഗമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് സ്വത്വബോധം ഉയര്‍ത്തിപ്പിടിച്ച് കോളനികളില്‍ മാറ്റം വരുത്തണമെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു.  അംബേദ്കര്‍ കോളനിയില്‍ 75ശതമാനം പിന്നാക്ക മത ന്യൂനപക്ഷങ്ങളാണ്. എന്നിട്ടും 25 ശതമാനത്തിന്റെ അപ്രമാദിത്യമാണുള്ളത്. കുടിവെള്ളം, കൃഷിഭൂമി തുടങ്ങിയ കോളനി വാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ജാതി വേര്‍തിരിവില്ലാതെ നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധചെലുത്തണമെന്ന് സംഘം ആവശ്യപ്പെട്ടു.  എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് കെ കാര്‍ത്തികേയന്‍, എംഎസ് പ്രേംകൃഷ്ണന്‍, എസ് രമേഷ് എന്നിവരടങ്ങിയ സംഘമാണ് കോളനി സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it