palakkad local

ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ വികസനം എത്താത്തത് രാഷ്ട്രീയ പകപോക്കല്‍ മൂലം: വി കെ ശ്രീകണ്ഠന്‍



പാലക്കാട്:ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ വികസനം എത്താത്തത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. ഇവിടെ താമസിക്കുന്നവരോട് സിപിഎം നേതൃത്വം കടുത്ത ക്രൂരതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതലമട ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയിലെ വീടുകള്‍ പുനര്‍നിര്‍മിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മുതലമട പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. മുതലമടയില്‍ നിന്നും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വരുന്ന വാര്‍ത്തകള്‍ തീരാത്ത ദു:ഖമാണ് നല്‍കുന്നത്. ജാതി വിവേചനത്തിന് നേരെ അവസാന ശ്വാസം വരെ പോരാടും. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴുമുള്ളത്. ഒരു പതിറ്റാണ്ടിലേറെയായി റോഡ് പുനര്‍നിര്‍മാണം നടത്തിയിട്ടില്ല. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും ഇടത് മുന്നണിയുടെ കരങ്ങളില്‍ ഇരിക്കുമ്പോള്‍ ഈ കോളനിയിലേക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ജനാധിപത്യത്തിന് ഭൂഷണമല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഈ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.അംബേദ്ക്കര്‍ കോളനിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മത്സരിച്ചിരുന്നു. ഇതില്‍ രോഷം പൂണ്ട സി പി എം ആണ് കോളനി നിവാസികളെ ഒറ്റപ്പെടുത്തുന്നത്. കോളനിയില്‍ ഒരു മിശ്രവിവാഹം നടന്നതാണ് സി പി എമ്മിനെ ചൊടിപ്പിച്ചത്. കല്യാണം നടത്തിക്കൊടുക്കാന്‍ പൊലീസ് സംരക്ഷണയും ഉണ്ടായിരുന്നു. ആദ്യം അവഹേളിക്കുകയും ഇപ്പോള്‍ അക്രമിക്കാന്‍ തയ്യാറെടുക്കുകയുമാണ് സി പി എം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊടുംക്രൂരത മറച്ചുവെയ്ക്കാനാണ് ഇപ്പോള്‍ വ്യാജപ്രചരണം നടത്തുന്നത്.അംബേദ്ക്കര്‍ കോളനിയിലെ നാല്‍പ്പത്തിരണ്ടോളം വീടുകളുടെ മേല്‍ക്കൂര ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ്. എന്തുകൊണ്ട് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. സ്വയം രക്ഷയ്ക്കായി അമ്പലത്തില്‍ താമസിക്കുന്നവര്‍ക്കെതിരെ അനാശാസ്യം ആരോപിക്കുകയാണ് സ്ഥലം എം എല്‍ എ കെ ബാബു. സംഭവത്തില്‍ കെ ബാബു ജനങ്ങളോട് മാപ്പ് പറയണം. എന്നും ചെങ്കോലും കിരീടവും തനിയ്ക്ക് ഉണ്ടായിരിക്കില്ല എന്ന ബോധവും വേണം. അധിക്ഷേപിക്കുന്ന കാര്യത്തില്‍ മന്ത്രി എം എം മണിയുടെ അനിയനായി അവതരിച്ചിരിക്കുകയാണ് കെ ബാബു. തകര്‍ന്ന വീടുകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുമെന്ന് വി കെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആര്‍ ചെല്ലമുത്തു കൗണ്ടര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍, ഡി സി സി ഭാരവാഹികളായ പി മാധവന്‍, പി വി രാജേഷ്, എ സുമേഷ്, എം പത്മഗിരീഷ്, കെ ജി എല്‍ദോ, ബ്ലോക്ക് പ്രസിഡന്റ് കെ വിശ്വനാഥന്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ സജേഷ് ചന്ദ്രന്‍, സി സി സുനില്‍, കെ എന്‍ ഫെബിന്‍, എം ശാന്തകുമാര്‍, എന്‍ കെ ഷാഹുല്‍ഹമീദ്, ബിജോയ്, വിഷ്ണു എന്നിവര്‍ സംബന്ധിച്ചു.രാവിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ഗോവിന്ദാപുരം കോളനി നിവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it