ഗോവയില്‍ കോണ്‍ഗ്രസ് അംഗബലം 14 ലേക്ക് ചുരുങ്ങി

രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്ക്്‌ന്യൂഡല്‍ഹി: ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് എംഎല്‍എമാരായ ദയാനന്ദ് സോപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നിവര്‍ കോണ്‍ഗ്രസ് വിട്ടത്. തങ്ങള്‍ ബിജെപിയില്‍ ചേരുകയാണെന്ന് സുഭാഷ് ശിരോദ്കര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ രണ്ടോ മൂന്നോ എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെ 40അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം 14ആയി ചുരുങ്ങി. എംഎല്‍എമാരുടെ രാജിക്കത്ത് ലഭിച്ചതായി ഗോവ നിയമസഭാ സ്പീക്കര്‍ പ്രമോദ് സാവന്ത് അറിയിച്ചു.
തിങ്കളാഴ്ചയാണ് എംഎല്‍എമാര്‍ ഡല്‍ഹിക്ക് തിരിച്ചത്. ഇവര്‍ ഡല്‍ഹിയിലേക്കു പോയതു മുതല്‍ ചുവടുമാറ്റത്തെ കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതേസമയം അമിത്ഷായും ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെയും ചേര്‍ന്നു ഭീഷണിപ്പെടുത്തിയാണ് എംഎല്‍എമാരെ ബിജെപിയിലേക്കു കൊണ്ടുപോയതെന്ന് കോണ്‍ഗ്രസ് നേതാവ് ചെല്ലകുമാര്‍ പറഞ്ഞു. മനോഹര്‍ പരീക്കര്‍ക്കു പകരം ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താനുള്ള വിശ്വജിത് റാണയുടെ നീക്കങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നും ചെല്ലകുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി പരീക്കര്‍ ചികില്‍സയ്ക്കായി പോയതിനാല്‍ ഗോവയിലെ ബിജെപി മന്ത്രിസഭയില്‍ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഇത് മുതലെടുത്ത് സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് എംഎല്‍എമാരുടെ പുറത്തുപോക്ക് ഭീഷണിയായി.
പരീക്കറിന്റെ അഭാവത്തില്‍ തങ്ങളെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കോണ്‍ഗ്രസ് കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. 16 സീറ്റുകളുള്ള കോണ്‍ഗ്രസ് ആയിരുന്നു നിയമസഭയിലെ ഒറ്റക്കക്ഷി. 14 സീറ്റുകളായിരുന്നു ബിജെപിക്ക്. എംഎല്‍എമാരുടെ ചുവടുമാറ്റത്തോടെ ഈ സമവാക്യങ്ങളില്‍ മാറ്റംവന്നിരിക്കുകയാണ്.

Next Story

RELATED STORIES

Share it