Flash News

ഗോവന്‍ കാറ്റില്‍ മഞ്ഞപ്പട വീണു

ഗോവന്‍ കാറ്റില്‍ മഞ്ഞപ്പട വീണു
X


മഡ്ഗാവ്: ഹോം മൈതാനത്തു നിന്നും എതിരാളികളുടെ തട്ടകത്തിലേക്കെത്തിയ ആദ്യ മല്‍സരത്തില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സിന് നാണം കെട്ട തോല്‍വി. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് കേരളം തകര്‍ന്നടിഞ്ഞത്. ആദ്യ പകുതിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും 2-2നു സമനിലയില്‍ പിരിഞ്ഞുവെങ്കിലും രണ്ടാം പകുതിയില്‍ ഫെറാന്‍ കോറോമിനാസിന്റെ ഹാട്രിക്കിലാണ് ഗോവ മിന്നും ജയം സ്വന്തമാക്കിയത്.മല്‍സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ പരിക്കേറ്റ് മാര്‍ക്വിതാരം ബെര്‍ബറ്റോവ് പുറത്തായത് കേരളത്തിനു തിരിച്ചടിയായി. ബെര്‍ബറ്റോവിനു പകരം മിലന്‍ സിങാണ് പിന്നീട് കളത്തിലിറങ്ങിയത്.  ഏഴാം മിനിറ്റില്‍ മാര്‍ക്കോസ് സിഫ്‌നിയോസിന്റെ തകര്‍പ്പന്‍ ഗോളില്‍ കേരളമാണ് മുന്നിലെത്തിയത്. രണ്ട് മിനുറ്റുകള്‍ക്കകം മാന്വല്‍ ലാന്‍സറോടേയിലൂടെ ഗോവ തിരിച്ചടിച്ചു. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം ലാന്‍സറോട്ട രണ്ടാം ഗോള്‍ നേടി ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു. 31ാം മിനിറ്റില്‍ കേരളത്തിനായി ജാക്കിചന്ദ് സിങ് വീണ്ടും സമനില ഗോള്‍ കണ്ടെത്തി. പിന്നീട് ഇരു ടീമുകളും ഗോള്‍ വഴങ്ങാതെ ഇടവേളക്ക്് 2-2നു സമനിലയില്‍ പിരിഞ്ഞു.രണ്ടാം പകുതിയില്‍ രണ്ടാം ഹാട്രിക്ക് സ്വന്തമാക്കിയ സ്പാനിഷ് താരം ഫെറാന്‍ കോറോമിനാസ് കേരളത്തിന്റെ കഥ കഴിക്കുകയായിരുന്നു. എട്ടു മിനിറ്റിനിടെയാണ് കോറോ (47, 51, 54) ഹാട്രിക്ക് തികച്ചത്. 74ാം മിനുട്ടില്‍ കെ പ്രശാന്തിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കിയെങ്കിലും സ്‌കോര്‍ നിലയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. ഗോള്‍ വീണ ശേഷവും ആക്രമണം അഴിച്ചുവിട്ട ഗോവയ്ക്കു മുന്നില്‍ കേരളം കൂടുതല്‍ ഗോള്‍ വഴങ്ങാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.  വന്‍ വിജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. സീസണിലെ ആദ്യ തോല്‍വി വഴങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ്  എട്ടാം സ്ഥാനത്തു തുടരുകയാണ്.
Next Story

RELATED STORIES

Share it