ഗോള്‍ വര്‍ഷിച്ച് പിഎസ്ജി കിരീടം ഉറപ്പിച്ചു

പാരിസ്: സീസണ്‍ അവസാനിക്കാന്‍ രണ്ടു മാസം ശേഷിക്കേ ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജര്‍മെയ്ന്‍ (പിഎസ്ജി) ചാംപ്യന്‍പട്ടം കൈക്കലാക്കി. ഇന്നലെ നടന്ന ലീഗിലെ 30ാം റൗണ്ട് മല്‍സരത്തില്‍ ട്രോയസിനെ ഗോള്‍ മഴയില്‍ മുക്കിയാണ് പിഎസ്ജി ആനന്ദ നൃത്തമാടിയത്. മല്‍സരത്തില്‍ എതിരില്ലാത്ത ഒമ്പത് ഗോളിന് ട്രോയസിനെ തരിപ്പണമാക്കിയാണ് തുടര്‍ച്ചയായ നാലാം തവണയും പിഎസ്ജി ചാംപ്യന്‍പട്ടം തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്.
ഫ്രഞ്ച് ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ടീം സീസണില്‍ എട്ട് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കേ കിരീടം നേടുന്നത്. 2007ല്‍ അഞ്ച് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കേ ലിയോണ്‍ കിരീടം നേടിയതായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ്. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ ആറാം കിരീട നേട്ടം കൂടിയാണിത്.
ഹാട്രിക്കുള്‍പ്പെടെ നാലു ഗോളുകള്‍ അടിച്ചുകൂട്ടിയ സ്വീഡിഷ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചാണ് ട്രോയസിനെ തകര്‍ത്തത്. 46, 52, 56, 88 മിനിറ്റുകളിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ഗോള്‍ നേട്ടം. പിഎസ്ജിക്കായി എഡിന്‍സന്‍ കവാനി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജാവിയര്‍ പസ്റ്റോറി, അഡ്രിയെന്‍ റാബിയോറ്റ് എന്നിവര്‍ ഓരോ തവണ ഗോള്‍ നേട്ടത്തില്‍ പങ്കാളിയായി. ഒരു ഗോള്‍ ട്രോയസ് താരത്തിന്റെ സംഭാവനയായിരുന്നു.
സീസണില്‍ എട്ട് മല്‍സരങ്ങള്‍ ശേഷിക്കേ രണ്ടാമതുള്ള മൊണാക്കോയ്ക്കു മേല്‍ 25 പോയിന്റിന്റെ ലീഡാണ് പിഎസ്ജിക്കുള്ളത്.
എട്ട് മല്‍സരങ്ങളില്‍ മൊണാക്കോ ജയിക്കുകയും പിഎസ്ജി തോല്‍ക്കുകയും ചെയ്താലും പോയിന്റ് പട്ടികയില്‍ മൊണാക്കോയ്ക്ക് പിഎസ്ജിയെ മറിടക്കാനാവില്ല.
Next Story

RELATED STORIES

Share it