Flash News

ഗോള്‍ രഹിത സമനിലയിലും ഗ്രൂപ്പ് ചാംപ്യന്‍മാരായി ഫ്രഞ്ച് പട

ഗോള്‍ രഹിത സമനിലയിലും ഗ്രൂപ്പ് ചാംപ്യന്‍മാരായി ഫ്രഞ്ച് പട
X


മോസ്‌കോ: ഗ്രൂപ്പ് സിയില്‍ ഡെന്‍മാര്‍ക്കിനോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് സിയില്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍. സമനില വഴങ്ങിയ ഡെന്‍മാര്‍ക്കും രണ്ടാം സ്ഥാനത്തോടെ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഗ്രൂപ്പ് സിയില്‍ മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റോടെയാണ് ഫ്രാന്‍സ് ഒന്നാമതെത്തിയതെങ്കില്‍ രണ്ട് സമനിലയും ഒരു ജയവും സ്വന്തമാക്കി അഞ്ച് പോയിന്റോടെയാണ് ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനം അലങ്കരിച്ചത്. ഇന്നലെ രാത്രി 11.30ന് നടന്ന ഗ്രൂപ്പ് ഡി മല്‍സരങ്ങള്‍ക്ക് ശേഷം ഇരുടീമുകളുടെയും പ്രീ ക്വാര്‍ട്ടര്‍ എതിരാളികളെ അറിയാം. മൂന്നാം സ്ഥാനത്തെത്തിയ പെറുവും അവസാനക്കാരായ ഓസ്ട്രേലിയയും ലോകകപ്പില്‍ നിന്ന് പുറത്തായി.
ഈ ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയാണ് മോസ്‌കോയിലെ ലുഷിനിക്കി സ്റ്റേഡിയത്തില്‍ പിറന്നത്. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സമനില മാത്രം മതിയായിരുന്നു ഫ്രാന്‍സിനും ഡെന്‍മാര്‍ക്കിനും. അതുകൊണ്ട് തന്നെ മല്‍സരത്തിന്റെ ആവേശം ചോര്‍ന്നു പോവുകയും ചെയ്തു.
ജിറൗഡിനെ മുന്നില്‍ നിര്‍ത്തി ദെഷാംപ്‌സ്  ഫ്രഞ്ച് പടയെ 4-2-3-1 എന്ന ശൈലിയില്‍ വിന്യസിച്ചപ്പോള്‍ 4-3-3 എന്ന ശൈലിയാണ് ഡെന്‍മാര്‍ക്ക സ്വീകരിച്ചത്. പന്തടക്കത്തിലും ഗോള്‍ ഉതിര്‍ക്കുന്നതിലും ഫ്രാന്‍സിന് തന്നെയായിരുന്നു മുന്‍തൂക്കം. 62 ശതമാനം സമയവും ഫ്രാന്‍സ് പന്തടക്കിയപ്പോള്‍ 11 ഷോട്ടും ഉതിര്‍ത്തു. എന്നാല്‍ ഇതില്‍ നാലെണ്ണം വല ലക്ഷ്യമായി പറന്നെങ്കിലും നാലും ഡാനിഷ് ഗോളിയുടെ കൈകളാല്‍ ഭദ്രമാവുകയായിുരുന്നു. ആറു മാറ്റങ്ങളോടെ ഫ്രാന്‍സ് ഇറങ്ങിയപ്പോള്‍ ഡെന്‍മാര്‍ക്ക് മൂന്നു മാറ്റങ്ങളും വരുത്തിയിരുന്നു. ഇരുടീമും അലസമായാണ് കളിയെ സമീപിച്ചത്.  ആദ്യ പകുതിയില്‍ ഡെന്‍മാര്‍ക്കിനെക്കാള്‍ കൂടുതല്‍ കരുത്തു കാട്ടിയാണ് ഫ്രാന്‍സ് കളി മെനഞ്ഞത്. ആദ്യ പകുതിയില്‍ ഇടക്കിടെ മുന്നേറ്റങ്ങളിലൂടെ ഡെന്‍മാര്‍ക്കും ഫ്രാന്‍സിനെ ഞെട്ടിച്ച് കൊണ്ടിരുന്നു.
തുടക്കത്തിലെ അഞ്ചാം മിനിറ്റില്‍ ഡെന്‍മാര്‍ക്കാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെങ്കിലും പിന്നീടത് ഫ്രാന്‍സ് താരങ്ങളും ഏറ്റെടുത്തു. 15ാം മിനിറ്റില്‍ സൂപ്പര്‍ താരം ഒളിവര്‍ ജിറൗഡ് മികച്ചൊരു ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോളി കാസ്പര്‍ ഷെമെയ്ക്കല്‍ ഒന്നാന്തരം സേവിലൂടെ ഡാനിഷ് ടീമിന് ആശ്വാസം നല്‍കി. വീണ്ടും ഫ്രാന്‍സ് ഡാനിഷ് മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടെങ്കിലും ടീമിന്റെ ശക്തമായ പ്രതിരോധം ഫ്രഞ്ച് പടയുടെ ഗോള്‍ ദാഹത്തിന് ആയുസ്സ് നല്‍കുകയായിരുന്നു. എന്നാല്‍ 24ാം മിനിറ്റില്‍ ഡാനിഷ് പെനല്‍റ്റി ബോക്‌സിനുള്ളില്‍ വച്ച് ഡിഫന്‍ഡര്‍ ഹെന്റിച്ച് ഡാല്‍സ്ഗാര്‍ഗിന്റെ കയ്യില്‍ തട്ടി ഫ്രാന്‍സിന് പെനല്‍റ്റി മോഹം ലഭിച്ചെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല. ഗോള്‍ രഹിത മല്‍സരം തുടര്‍ന്നു. 33ാം മിനിറ്റില്‍ ഉസ്മാനെ ഡെംബലെ ഡെന്‍മാര്‍ക്കിന്റെ പ്രതിരോധവും കടത്തി വെട്ടി ഗോള്‍മുഖത്തേക്ക് പന്തുമായി കയറിയെങ്കിലും  പുറത്തേക്കടിച്ചതോടെ ടീമിന്റെ ഗോള്‍ ദാരിദ്ര്യം തുടര്‍ന്നു. 44ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ജിറൗഡിന് അവസരം ഉണ്ടായെങ്കിലും വീണ്ടും പുറത്തേക്കടിച്ച് ഫ്രാന്‍സ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. രണ്ടാം പകുതിയിലും ഗോള്‍ ക്ഷാമം രൂക്ഷമായതോടെ ഇരുടീമും പകരക്കാരെ ഇറക്കിയെങ്കിലും ഗോളുകള്‍ മാത്രം പിറന്നില്ല. ഫ്രഞ്ച് കോച്ച് ദെഷാംപ്‌സ് ലൂക്കാസിന് പകരം ബെഞ്ചമിന്‍ മെന്‍ഡിയെയും ഗ്രീസ്മാന് പകരം ഫെക്കിരിനെയും ഡെംബലെയ്ക്ക് പകരം എംബാപ്പെയും ഇറക്കിയെങ്കിലും ഗോളുകള്‍ വഴിമാറി നിന്നു. ഒടുവില്‍ വിസില്‍ മുഴങ്ങുമ്പോള്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. സമനിലയോടെ ഫ്രാന്‍സ് ഏഴ് മല്‍സരങ്ങളില്‍ അപരാജിതായി മുന്നേറിയപ്പോള്‍ അവസാന 11 മല്‍സരങ്ങളിലും തോല്‍വിയറിയാതെ ഡെന്‍മാര്‍ക്കും കളി അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it