Flash News

ഗോള്‍ഡന്‍ റോഡ്രിഗസ്

ഗോള്‍ഡന്‍ റോഡ്രിഗസ്
X


2014ലെ ബ്രസീല്‍ ലോകകപ്പിന് വിരാമമിടുമ്പോള്‍ ലോകം ഉറ്റുനോക്കിയ താരങ്ങളില്‍ ഒരാളായിരുന്നു കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ്. സാക്ഷാല്‍ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്ന് അന്ന് ആറ് ഗോളുകളുമായി സുവര്‍ണ പാദുകത്തില്‍ ചുംബിച്ച ഗ്ലാമര്‍ താരം. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന കൊളംബിയന്‍ താരമെന്ന നേട്ടവും റോഡ്രിഗസിന്റെ പേരിലായി. 2014ലെ ലോകകപ്പ് വരെ ലോകം അറിയപ്പെടാതിരുന്ന ഫുട്‌ബോള്‍ കളിക്കാരനായിരുന്നു റോഡ്രിഗസ്. പക്ഷേ താരത്തിന്റെ ചിറകിലേറിയാണ് കൊളംബിയന്‍ ടീം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. നിലവില്‍ റയല്‍ മാഡ്രിഡിന്റെ വായ്പാടിസ്ഥാനത്തില്‍ ബയേണ്‍ മ്യൂണിക്കിലെത്തിയതാണ് 2011ലെ അണ്ടര്‍ 20 ലോകകപ്പിലെ കൊളംബിയന്‍ നായകന്‍ കൂടിയായ റോഡ്രിഗസ്. അണ്ടര്‍20 ലോകകപ്പില്‍ താരത്തിന്റെ പ്രകടനം കണ്ട ദേശീയ ടീം അധികൃതര്‍ താരത്തെ സീനിയര്‍ പദവി നല്‍കി ടീമിലെടുക്കുകയായിരുന്നു. 2011 ഒക്ടോബറില്‍ ബൊളീവിയക്കെതിരേ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റോഡ്രിഗസ് തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചാണ്  ടീമിലേക്കുള്ള തന്റെ വരവറിയിച്ചത്. ഈ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ പോര്‍ട്ടോ കൂട്ടുകാരന്‍ റഡിമേല്‍ ഫാല്‍ക്കാവോയ്ക്ക് ഗോളടിക്കാനുള്ള വഴി തുറന്നുകൊടുത്തതും റോഡ്രിഗസായിരുന്നു. പെറുവിനെതിരായ മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയ റോഡ്രിഗസ് പിന്നീടുള്ള കൊളംബിയന്‍ മല്‍സരത്തില്‍ സ്ഥിര സാനിധ്യമായിരുന്നു.
പിന്നീട് ടീമിന്റെ തുറുപ്പുചീട്ടായ റോഡ്രിഗസിന്റെ തകര്‍പ്പന്‍ പ്രകടനമികവില്‍ ഇവര്‍ 2014ലെ ബ്രസീല്‍ ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച റോഡ്രിഗസിന് അന്ന് ടീമിന്റെ 10ാം നമ്പര്‍ നല്‍കിയായിരുന്നു ടീം കളത്തിലിറക്കിയത്. എല്‍ ഡയസ് (10ാം നമ്പര്‍ താരം) എന്ന വിളിപ്പേരു കൂടി പതിഞ്ഞ നിഷ്‌കളങ്കനായ താരം. കൊളംബിയയുടെ സൂപ്പര്‍ താരം റഡിമേല്‍ ഫാല്‍ക്കാവോയ്ക്ക് പരിക്കേറ്റതോടെ ദൈവം കനിഞ്ഞ് അയച്ച ഗ്ലാമര്‍ കുട്ടിയെന്നാണ് കൊളംബിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ റോഡ്രിഗസിന്റെ പ്രകടനത്തിന് ശേഷം താരത്തെ വിശേഷിപ്പിച്ചത്. റൊണാള്‍ഡോയും റിവാള്‍ഡോയും 2002ല്‍ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മല്‍സരങ്ങളിലും ഗോള്‍ നേടിയതിന് ശേഷം ഈനേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ബ്രസീലില്‍ റോഡ്രിഗസ് മാറി. പ്രീക്വാര്‍ട്ടറിലെ ഗോള്‍ നേട്ടത്തോടെ മൂന്നാം തവണയും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം താരത്തെ തേടിയെത്തി. എന്നാല്‍ ക്വാര്‍ട്ടറില്‍ ഫുട്‌ബോളിന്റെ കുത്തക പുലര്‍ത്തിവച്ചിരുന്ന ബ്രസീല്‍ ടീമിന് എതിരാളികളായി എത്തിയതോടെ ടീമിന്റെ ആത്മവിശ്വാസം ചോര്‍ന്നു. ഈ മല്‍സരത്തിലും റോഡ്രിഗസ് ഗോള്‍ കണ്ടെത്തിയെങ്കിലും ടീമിന് 2-1ന് പരാജയപ്പെടാനായിരുന്നു വിധി. ക്വാര്‍ട്ടറില്‍ പോരാട്ടം അവസാനിച്ച് കിരീടം നഷ്ടപ്പെട്ടെങ്കിലും അന്ന് ഗോള്‍ഡന്‍ ബൂട്ടുമായായിരുന്നു താരം നാട്ടിലേക്ക് വണ്ടികയറിയത്. ഈവര്‍ഷം തന്നെ താരത്തെ അന്താരാഷ്ട്ര ബഹുമതിയായ പുഷ്‌കാസ് പുരസ്‌കാരവും തേടിയെത്തിയിട്ടുണ്ട്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം തുടര്‍ച്ചയായ രണ്ടാം ഗോള്‍ഡന്‍ പുരസ്‌കാരത്തിനും റോഡ്രിഗസിലേക്കും ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. ഈ ലോകകപ്പിലും ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കി ഒരിക്കല്‍ കൂടി കൊളംബിയയുടെ രക്ഷകനാവുമോ എന്നാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it