Flash News

ഗോള്‍കീപ്പര്‍മാരുടെ ദിനത്തില്‍ ഭാഗ്യം ക്രൊയേഷ്യക്കൊപ്പം, ഡെന്‍മാര്‍ക്ക് പൊരുതി വീണു

ഗോള്‍കീപ്പര്‍മാരുടെ ദിനത്തില്‍ ഭാഗ്യം ക്രൊയേഷ്യക്കൊപ്പം, ഡെന്‍മാര്‍ക്ക് പൊരുതി വീണു
X


നിഷ്‌നി: റഷ്യന്‍ ലോകകപ്പിലെ ഗോള്‍കീപ്പറുടെ ദിനമായിരുന്നു ജൂലൈ 1. സ്പാനിഷ് കാളകളുടെ പോരാട്ടവീര്യത്തെ വീഴ്ത്തി റഷ്യ ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ അതിന് പിന്നില്‍ ഇഗോര്‍ അക്കിന്‍ഫീവ് എന്ന ഗോള്‍കീപ്പറുടെ കരുത്തുറ്റ കരങ്ങളുണ്ടായിരുന്നു. അതിന് പിന്നാലെ ക്രൊയേഷ്യയെ വെള്ളം കുടിപ്പിച്ച ഡെന്‍മാര്‍ക്കിനും ഷൂട്ടൗട്ടില്‍ തലകുനിക്കേണ്ടി വന്നത് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ സുബാസിക്കിന്റെ നെഞ്ചുറപ്പിന് മുന്നിലാണ്. നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും 1-1 സമനില പാലിച്ചതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ 3-2നാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്.
മല്‍സരത്തിന്റെ 58ാം സെക്കന്റില്‍ത്തന്നെ ക്രൊയേഷ്യക്കെതിരേ ഡെന്‍മാര്‍ക്ക് വലകുലുക്കി. ജൊനാസ് നുഡ്‌സെന്റിന്റെ ലോങ് ത്രോയില്‍ നിന്ന് തോമസ് ഡെലാനി നല്‍കിയ പാസിനെ മാത്യാല യോര്‍ഗന്‍സെന്‍ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ക്രൊയേഷ്യ സമനില പിടിച്ചു. നാലാം മിനിറ്റില്‍ മരിയോ മാന്‍സൂക്കിച്ചാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍മടക്കിയത്. പിന്നീട് നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും അധിക സമയത്തും 1-1 തന്നെ സമനില തുടര്‍ന്നതോടെ മല്‍സരം പെനല്‍റ്റി ഷൂടൗട്ടിലേക്ക് നീളുകയായിരുന്നു. മല്‍സരത്തിന്റെ അധിക സമയത്ത് ലഭിച്ച പെനല്‍റ്റി അവസരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് നഷ്ടപ്പെടുത്തിക്കളഞ്ഞില്ലായിരുന്നെങ്കിലും മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളില്ലായിരുന്നു.
ആദ്യ കിക്ക് എടുക്കാനെത്തിയ ഡെന്‍മാര്‍ക്കിന്റെ ഷോട്ടിനെ ക്രൊയേഷ്യന്‍ ഗോളി സുബാസിക്കിന്റെ കൈയില്‍ തട്ടി പുറത്തുപോയി. മറുപടിക്കെത്തിയ ക്രൊയേഷ്യയുടെ ബാദേലിന്റെ കിക്ക് ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കെസ്പര്‍ ഷ്മിഷേല്‍ തടുത്തിട്ടതോടെ ഇരു കൂട്ടരും 0-0. എന്നാല്‍ ഡെന്‍മാര്‍ക്കിന് വേണ്ടി രണ്ടാം കിക്കെടുത്ത കീര്‍ ലക്ഷ്യം കണ്ടതോടെ 1-0ന് ഡെന്‍മാര്‍ക്കിന് ലീഡ്. ക്രൊയേഷ്യക്ക് വേണ്ടി രണ്ടാം കിക്കെടുത്ത ക്രമാരിച്ചിന്റെ കിക്ക് പോസ്റ്റിലേക്ക്. മല്‍സരം 1-1 എന്ന നിലയില്‍. ഡെന്‍മാര്‍ക്കിന് വേണ്ടി മൂന്നാം കിക്കെടുത്ത ഡെഹ്‌ലിയും ലക്ഷ്യം കണ്ടതോടെ വീണ്ടും 2-1ന്റെ ലീഡ് ഡെന്‍മാര്‍ക്കിനൊപ്പം. ക്രൊയേഷ്യക്ക് വേണ്ടി കിക്കെടുക്കാനെത്തിയ നായകന്‍ മോഡ്രിച്ചിന് ഇത്തവണ പിഴച്ചില്ല. മല്‍സരം 2-2 എന്ന നിലയിലേക്ക്്.എന്നാല്‍ ഡെന്‍മാര്‍ക്കിന് വേണ്ടി നാലാം കിക്കെടുത്ത ഷോണിന്റെ ഷോട്ട് സുബാസിക്ക് തടുത്തിട്ടു. ക്രൊയേഷ്യയുടെ പിവാറിച്ചിന്റെ കിക്ക് ഡാനിഷ് ഗോളിയും തടുത്തിട്ടതോടെ മല്‍സരം 2-2 സമനിലയില്‍ത്തന്നെ. നിര്‍ണായകമായ അഞ്ചാം കിക്കെടുത്ത യോര്‍ഗേഴ്‌സണിന് ലക്ഷ്യം പിഴച്ചു. എന്നാല്‍ ക്രൊയേഷ്യക്ക് വേണ്ടി അഞ്ചാം കിക്കെടുത്ത റാക്കിറ്റിച്ച് പന്ത് വലയിലാക്കിയതോടെ 3-2ന്റെ ജയം ക്രൊയേഷ്യക്കൊപ്പം. തോല്‍വിയേറ്റുവാങ്ങി ക്വാര്‍ട്ടര്‍ കാണാതെ ഡെന്‍മാര്‍ക്ക് പുറത്തുപോയെങ്കിലും അഭിമാനത്തോടെ തന്നെയാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്. കരുത്തരായ ക്രൊയേഷ്യക്കെതിരേ അവസാന നിമിഷം വരെ പൊരുതിയാണ്  തലകുനിക്കേണ്ടി വന്നതെന്ന സംതൃപ്തിയോടെയാവും അവരുടെ മടക്കം.
Next Story

RELATED STORIES

Share it