Flash News

ഗോളടിച്ചിട്ടും കണ്ണീരോടെ ഇനിയസ്റ്റയ്ക്ക് മടക്കം; ബൈ ബൈ ലെജന്റ്

ഗോളടിച്ചിട്ടും കണ്ണീരോടെ ഇനിയസ്റ്റയ്ക്ക് മടക്കം; ബൈ ബൈ ലെജന്റ്
X

മോസ്‌കോ: റഷ്യയിലെ മൈതാനങ്ങള്‍ വമ്പന്‍മാരുടെ കണ്ണീരാല്‍ നനഞ്ഞുകൊണ്ടിരിക്കുകയാണ്. ജര്‍മനിയും പോര്‍ച്ചുഗലും അര്‍ജന്റീനയും തലതാഴ്ത്തി മടങ്ങിയതിന്റെ പിന്തുടര്‍ച്ചയായി റഷ്യന്‍ ലോകകപ്പിലെ ഫേവറേറ്റുകളായ സ്‌പെയിനും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരിക്കുന്നു. ലോകകപ്പിന് ശേഷം നേരത്തെ തന്നെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ആന്ദ്ര ഇനിയസ്റ്റ എന്ന ഇതിഹാസം പക്ഷേ ഇങ്ങനെയൊരു വിടാവാങ്ങല്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്ന് ലഭിച്ച യാത്രഅയപ്പിനേക്കാള്‍ മനോഹരമായ ഒരു വിടവാങ്ങല്‍ ഇനിസ്റ്റ അര്‍ഹിച്ചിരുന്നെങ്കിലും ആതിഥേയരായ റഷ്യയോട് തോറ്റ് സ്‌പെയിന്‍ പുറത്തുപോയതോടെ തലതാഴ്ത്തി കണ്ണീരോടെ ദേശീയ ടീമില്‍ നിന്ന് ഇനിയസ്റ്റക്ക് ബൂട്ടഴിക്കേണ്ടി വന്നു.
മല്‍സരത്തിന്റെ ആദ്യ ഇലവനില്‍ ഇടം കണ്ടെത്താന്‍ കഴിയാതിരുന്ന ഇനിയസ്റ്റ പകരക്കാരനായി 67ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്. മധ്യനിരയില്‍ എതിരാളികളുടെ ചക്രവ്യൂഹം ഭേദിച്ച് മികച്ച ചില മുന്നേറ്റങ്ങളും ഇനിയസ്റ്റ നടത്തിയെങ്കിലും ഗോള്‍പോസ്റ്റിനുള്ളിലേക്ക് പന്തെത്തിക്കാനായില്ല.
പിന്നീട് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ സ്‌പെയിനിന്റെ ആദ്യ കിക്കെടുക്കാനെത്തിയത് ഇനിയസ്റ്റയായിരുന്നു. തനിക്ക് ലഭിച്ച അവസരത്തെ ലക്ഷ്യം പിഴക്കാതെ വലയിലെത്തിച്ച് ആത്മവിശ്വാസത്തോടെ ഇനിയസ്റ്റ നടന്നെങ്കിലും സ്പാനിഷ് ടീമിന് വിജയം കണ്ടെത്താനായില്ല.  മൈതാനം വിടുമ്പോള്‍ ഗാലറിയില്‍ നിറഞ്ഞ കൈയടികള്‍ ഏറ്റവുവാങ്ങാന്‍ അയാളുടെ ഉയര്‍ന്ന മുഖമില്ലായിരുന്നു. അപ്രതീക്ഷിത പുറത്താകലിന്റെ നിരാശ മാത്രമായിരുന്നു ആ മുഖത്ത് നിറഞ്ഞ് നിന്നത്.
2000 ല്‍ സ്പാനിഷ് അണ്ടര്‍ 15 ടീമിലൂടെ പോരാട്ടം തുടങ്ങിയ ഇനിയസ്റ്റ 2006ലാണ് സ്പാനിഷ് സീനിയര്‍ ടീമിനൊപ്പം ആദ്യമായി കളിക്കുന്നത്. 2010ല്‍ സ്പാനിഷ് ടീം ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഇനിയസ്റ്റയുടെ പങ്ക് നിര്‍ണായകമായിരുന്നു. സ്പാനിഷ് ടീമിനൊപ്പം 131 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ ഇനിയസ്റ്റയുടെ സമ്പാദ്യം 13 ഗോളുകളാണ്.
ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണ വിട്ട ഇനിയസ്റ്റ വരുന്ന സീസണില്‍ ജപ്പനീസ് ക്ലബ് വിസല്‍ കോബിനായി കളിക്കും
Next Story

RELATED STORIES

Share it