ഗോരഖ്പൂരിലും ഫുല്‍പൂരിലും ഇന്ന് വോട്ടെടുപ്പ്‌

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഇന്ന്. രണ്ടു മണ്ഡലങ്ങളിലും സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്താന്‍ 6,500 അര്‍ധസൈനികരെ വിന്യസിച്ചു. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി)യുടെയും ഹോംഗാര്‍ഡുകളുടെയും സാന്നിധ്യം വേറെയുമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ലോക്‌സഭാംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് യഥാക്രമം ഗോരഖ്പൂരിലും ഫുല്‍പൂരിലും വോട്ടെടുപ്പ് വേണ്ടിവന്നത്. യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും രാജിവച്ചത്.
ഗോരഖ്പൂരില്‍ ത്രികോണ മല്‍സരമാണ്. ബിജെപി, എസ്പി, കോണ്‍ഗ്രസ് കക്ഷികളാണ് മല്‍സരരംഗത്ത്. എസ്പി സ്ഥാനാര്‍ഥിക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്പി സ്ഥാനാര്‍ഥി വിജയിക്കുന്നുവെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യം യാഥാര്‍ഥ്യമാവും. ഗോരഖ്പൂരില്‍ 10 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്ത്. ഫുല്‍പൂരില്‍ 22 സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട്. രണ്ടു മണ്ഡലങ്ങളും നിലനിര്‍ത്തേണ്ടത് ബിജെപിക്ക് അഭിമാനത്തിന്റെ പ്രശ്‌നമാണ്. ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരില്‍ കനത്ത വെല്ലുവിളിയാണ് പാര്‍ട്ടി നേരിടുന്നത്. ഉപതിരഞ്ഞെടുപ്പ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായിരിക്കുമെന്നാണ് ആദിത്യനാഥ് പറഞ്ഞത്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും.
Next Story

RELATED STORIES

Share it