Second edit

ഗോമൂത്രവും ശാസ്ത്രവും

ഗോമൂത്രം വളമാണെന്നു നമുക്കറിയാം. പശുവിന്റെ മൂത്രമെന്നല്ല, ഏതാണ്ടെല്ലാ ജീവജാലങ്ങളുടെ മൂത്രവും വളമാണ്. യൂറിയ അടങ്ങിയിരിക്കുന്നു എന്നതാണ് അതിനു കാരണം. എന്നാല്‍, ദിവസവും ഗോമൂത്രം കുടിച്ചാല്‍ അല്‍ട്‌സ്‌ഹെയ്‌മേഴ്‌സും കാന്‍സറും ചൊറിയും മാറുമെന്ന് പറഞ്ഞാല്‍ അതു വങ്കത്തമല്ലാതെ മറ്റൊന്നുമല്ല. ശാസ്ത്രീയമായി യാതൊരു തെളിവുമില്ലാത്ത ഇത്തരം നിഗമനങ്ങള്‍ ശാസ്ത്രമെന്ന നിലയില്‍ അവതരിപ്പിക്കുന്നത് കുറ്റകരവുമാണ്. നിര്‍ഭാഗ്യവശാല്‍ കോഴിക്കോട് റീജ്യനല്‍ സയന്‍സ് സെന്ററില്‍ ഈയിടെ ചെയ്തത് ഇത്തരമൊരു മഹാബദ്ധത്തിന്റെ വിളംബരമാണ്. ഗോദാനം മഹാദാനമെന്ന പേരില്‍ ഈ ചടങ്ങ് നടത്തിയതിനു ബന്ധപ്പെട്ടവര്‍ ഉത്തരം പറയണം.പശു എന്ന സാധുമൃഗത്തിന്റെ പേരില്‍ ഇത്തരം നിരവധി അബദ്ധങ്ങള്‍ പുറത്തുവരുന്നുണ്ട്. ഗോമൂത്രത്തോടൊപ്പം മറ്റു ചില വസ്തുക്കള്‍ കൂടി ചേര്‍ത്ത് പഞ്ചഗവ്യമെന്ന പേരില്‍ ആഹരിക്കുന്നു ചിലര്‍. പഞ്ചഗവ്യത്തിന്റെ ഔഷധമൂല്യത്തിനും ശാസ്ത്രീയാടിത്തറയില്ല. ഗോരോചനത്തെപ്പറ്റിയുള്ള അവകാശവാദങ്ങളും അതിരുകടന്നവയാണ്. പശു ഓക്‌സിജന്‍ പുറത്തുവിടുന്നു എന്നതാണ് അടുത്തകാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടുപോന്ന മറ്റൊരു പമ്പരവിഡ്ഢിത്തം. പശു ഒരു മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പുണ്യജീവിയാണെന്നത് മറക്കുന്നില്ല. എന്നാല്‍, അക്കാരണത്താല്‍ തെളിവുകളൊന്നുമില്ലാതെ പശുവിന്റെ സിദ്ധിവിശേഷങ്ങള്‍ ശാസ്ത്രീയമെന്ന രീതിയില്‍ ഔദ്യോഗിക സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്നത് തെറ്റാണ്.
Next Story

RELATED STORIES

Share it