ഗോപാല്‍ സുബ്രഹ്മണ്യം കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെട്ട ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അഴിമതി അന്വേഷണത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍.
മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അധ്യക്ഷനായ കമ്മീഷനെ ഒരു വിജ്ഞാപനം വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി.
അഴിമതിയുമായി ബന്ധപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ബിജെപി എംപി കീര്‍ത്തി ആസാദ് ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. കമ്മീഷന്‍ അധ്യക്ഷനായി ചുമതലയേറ്റ ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യമെങ്കില്‍ അരുണ്‍ ജെയ്റ്റ്‌ലിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നു വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ കമ്മീഷനെ റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം കത്തു മുഖേന അദ്ദേഹം ഡല്‍ഹി ചീഫ് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു മാത്രമേ സ്വതന്ത്ര അന്വേഷണ കമ്മീഷനുകളെ നിയമിക്കാന്‍ അധികാരമുള്ളൂ. അതിനാല്‍, പ്രത്യേക പദവിയുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം നിലനില്‍ക്കില്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നടപടി അരുണ്‍ ജെയ്റ്റ്‌ലിയെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. കേസില്‍ അരുണ്‍ ജെയ്റ്റ്‌ലിക്കുള്ള പങ്ക് പുറത്തുവരുന്നതു തടയാനാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാല്‍, ജെയ്റ്റ്‌ലിയെ രക്ഷിക്കാന്‍ അവര്‍ക്കു സാധിച്ചില്ലെന്നും എഎപി നേതാവ് അശുതോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ നടപടി നിയമപരമായി തെറ്റാണ്. സിഎന്‍ജി ഫിറ്റ്‌നസ് അഴിമതി അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച കമ്മീഷനെ കോടതി റദ്ദാക്കിയിരുന്നില്ല. സര്‍ക്കാര്‍ നിര്‍ബന്ധം ചെലുത്തരുതെന്നു മാത്രമാണ് കോടതി ആവശ്യപ്പെട്ടത്.
അതിനാല്‍ ഡിഡിസിഎ അഴിമതി അന്വേഷിക്കുന്ന കമ്മീഷന്‍ റദ്ദാക്കിയ കേന്ദ്രത്തിനു നിയമവ്യവസ്ഥയോട് യാതൊരു ബഹുമാനവുമില്ലെന്നും അശുതോഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it