thrissur local

ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന: ഡിസിസി മുന്‍ അംഗമടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ചാവക്കാട്: ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി എ ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ഡിസിസി മുന്‍ അംഗമടക്കം മൂന്നു പേര്‍ അറസ്റ്റില്‍.  ഡിസിസി മുന്‍ അംഗം തിരുവത്ര പടിഞ്ഞാറെ പുരക്കല്‍ കുഞ്ഞുമുഹമ്മദ് (നടത്തി കുഞ്ഞുമുഹമ്മദ്-52), സേവാദള്‍ നിയോജക മണ്ഡലം കണ്‍വീനര്‍ മണത്തല ബേബിറോഡ് കള്ളാമ്പി വീട്ടില്‍ അബ്ബാസ്(45), കടപ്പുറം തൊട്ടാപ്പ് പുത്തന്‍പുരയില്‍ ഇസ്മായില്‍ (ഫ്രാന്‍സിസ്-36) എന്നിവരേയാണ് കുന്നംകുളം ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തലവനായ ഇസ്മായിലിന് പത്തു ലക്ഷം രൂപയും ഗള്‍ഫില്‍ ജോലിയുള്ള വിസയും വാഗ്ദാനം ചെയ്താണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. ഡിസിസി മുന്‍ അംഗമായ നടത്തി കുഞ്ഞുമുഹമ്മദ് കുറച്ചു കാലമായി കോണ്‍ഗ്രസില്‍ നിന്നും വിട്ട് സിപിഎമ്മുമായി അടുപ്പം പ്രകടിപ്പിച്ചു വരികയായിരുന്നു. നടത്തി കുഞ്ഞുമുഹമ്മദും അബ്ബാസും ചേര്‍ന്നാണ് ഇസ്മായിലുമായി ക്വട്ടേഷന്‍ ഉറപ്പിച്ചതത്രേ. ഹനീഫ വധത്തിന് ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ സംഘം ഗൂഢാലോചന നടത്തിയതെന്നും പോലിസ് പറഞ്ഞു. അകലാട് ഒറ്റയിനി ബീച്ചിലെത്തിയ മൂന്നു പേരും ഗോപപ്രതാപനെ വധിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ശബ്ദരേഖ ഇസ്മായിലാണ് റെക്കോര്‍ഡ് ചെയ്തത്. ഇരുവരും വിശ്വാസവഞ്ചന നടത്തുമെന്ന ഭയമായിരുന്നു സംഭാഷണം റെക്കോര്‍ഡ് ചെയ്യാന്‍ ഇസ്മായിലിനെ പ്രേരിപ്പിച്ചത്. ഹനീഫ വധത്തിനു ശേഷം തനിക്ക് വധഭീഷണിയുള്ളതായി കാണിച്ച് ഗോപപ്രതാപന്‍ ജില്ലാ പോലിസ് റൂറല്‍ മേധാവിക്ക് പരാതി നല്‍കിരുന്നു. തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തത്. സിപിഎം പ്രവര്‍ത്തകനായ മണത്തല ബേബിറോഡ് ഗണേഷനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അബ്ബാസ് ജീവപര്യന്തം ശിക്ഷ കഴിഞ്ഞ്് ഒരുവര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. ഹനീഫ വധക്കേസിനു ശേഷം മേഖലയില്‍ നടന്ന വ്യാപക ആക്രമണങ്ങളിലും അബ്ബാസ് പ്രതിയായിരുന്നു. അബ്ബാസും ഇസ്മായിലും കണ്ണൂര്‍ ജയി—ലില്‍ വെച്ചാണ് പരിചയപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. എസ് ഐമാരായ എം കെ രമേഷ്, എ വി രാധാകൃഷ്ണന്‍, കെ വി മാധവന്‍, എം ഗേവിന്ദന്‍, സിപിഒമാരായ ലോഫിരാജ്, സുഹാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മൂന്നു മാസം മുമ്പ് നല്‍കിയ ക്വട്ടേഷന്‍ സംബന്ധമായി ഓഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി തെളിവുകളുടെ സത്യസന്ധത പൂര്‍ത്തീകരിച്ചതിനു ശേഷമാണ് പോലിസ് പ്രതികളെ പിടികൂടിയിട്ടുള്ളത്.
Next Story

RELATED STORIES

Share it