ഗോദ്‌സെയെ വീരപുരുഷനാക്കിയവര്‍ മറ്റുള്ളവരെ ദേശദ്രോഹികളാക്കുന്നു: യെച്ചൂരി

തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ച് തിരുവനന്തപുരം ശംഖുമുഖത്ത് സമാപിച്ചു. സമാപന സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഗാന്ധി ഘാതകന്‍ ഗോദ്‌സെയെ വീരപുരുഷനാക്കിയ ആര്‍എസ്എസ് മറ്റുള്ളവരെ ദേശദ്രോഹികളാക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരെ അമിതാധികാര പ്രയോഗം നടത്തുന്നു. ആര്‍എസ്എസിന്റെ ആക്രമണം കോടതികളിലേക്കും വ്യാപിക്കുന്നതാണ് കഴിഞ്ഞ ദിവസം നാം കണ്ടത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനുള്ള ശ്രമം ശക്തിയാര്‍ജിക്കുകയാണ്. ജെഎന്‍യുവിനെ ദേശദ്രോഹ കേന്ദ്രമായി ചിത്രീകരിക്കാനാണ് ആര്‍എസ്എസ് ശ്രമം. ഇതിനെതിരേ നിലപാടെടുത്ത സിപിഎമ്മിനെതിരേയും ആര്‍എസ്എസ് ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. രാത്രി ഒന്നരവരെ എകെജി ഭവനില്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തി. തന്നെ വ്യക്തിപരമായും ഭീഷണിപ്പെടുത്തി. ഈ ഭീഷണികളെ സിപിഎം രാഷ്ട്രീയമായി ചെറുത്തു തോല്‍പിക്കും. സിപിഎം ദേശദ്രോഹികളെ സഹായിക്കുന്നുവെന്നാണ് ഹിന്ദുത്വരുടെ ആരോപണം. മഹാത്മ ഗാന്ധിയുടെ കൊലയാളികളുടെ സര്‍ട്ടിഫിക്കറ്റ് സിപിഎമ്മിന് ആവശ്യമില്ലെന്നും യെച്ചൂരി പറഞ്ഞു.
മോദി സര്‍ക്കാറിനെതിരേ ജനങ്ങളില്‍ അസംതൃപ്തി വളരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടുകളും പരാജയവും മറയ്ക്കാനാണ് വര്‍ഗീയധ്രുവീകരണത്തിനുള്ള ശ്രമം. വര്‍ഗീയധ്രുവീകരണം കൂടുതല്‍ ശക്തമായാലേ ഈ പിടിപ്പുകേടുകള്‍ മറച്ചുവയ്ക്കാനാകൂ. ഇതെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും യെച്ചൂരി പറഞ്ഞു.
പുതിയ ഇന്ത്യക്ക് കേരളം വഴികാട്ടണമെന്നും അതിന് ശക്തമായ ഇടതുസര്‍ക്കാര്‍ കേരളത്തില്‍ വരണമെന്നും യെച്ചൂരി പറഞ്ഞു. 1951 മുതല്‍ രാജ്യത്തിന് പുതിയ വഴി കാട്ടിയിട്ടുള്ളത് കേരളമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ മന്‍മോഹന്‍ സിങിന്റെ അഴിമതികളുമായി മല്‍സരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഇതു മാറണമെങ്കില്‍ കേരളത്തില്‍ ശക്തമായ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it