kasaragod local

ഗോത്ര കോളനികളില്‍ നിന്ന് സ്‌കൂളിലേക്ക് 14 ജീപ്പ് സര്‍വീസുകള്‍ ആരംഭിച്ചു

കാഞ്ഞങ്ങാട്: ഗോത്രമേഖലയിലെ കോളനികളില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഗോത്രവാഹിനി പദ്ധതി ഊര്‍ജ്ജിതമാക്കി. മാലോത്ത് കസബ സ്‌കൂളില്‍ പഠിക്കുന്ന ഗോത്രകോളനികളിലെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനായി സമീപത്തെ 14 കോളനികളില്‍ നിന്നായി 14 ജീപ്പുകളാണ് ഇന്നലെ സര്‍വീസ് ആരംഭിച്ചത്.
ഇതിലൂടെ മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കാനാണ് ശ്രമം. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ യാത്ര സൗകര്യവും ജീവിത സാഹചര്യവും മനസ്സിലാക്കിയുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ഈ അധ്യായന വര്‍ഷത്തില്‍ മലയോര മേഖലയിലെ വനമേഖലകളിലെ കോളനികളില്‍ താമസിക്കുന്ന ഒരു കുട്ടിപോലും യാത്രാ സൗകര്യമില്ലാത്തതിനാലും ജീവിത ദുരിതത്താലും സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വിവിധ കോളനികളിലെ കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് 42 കുട്ടികളെ കാസര്‍കോട്ടെയും കണ്ണൂരിലേയും വിവിധ മെട്രിക്ക് ഹോസ്റ്റലുകളില്‍ താമസിപ്പിക്കുന്നതിനായി സ്‌കൂള്‍ മാറ്റി ചേര്‍ത്തിട്ടു—ണ്ട്. ഇടക്കാനം കോളനിയിലെ മലവേട്ടുവ സമുദായത്തിലെ പ്രിന്‍സ്(14), സഹോദരന്‍ റോബിന്‍(12), വിനുമണി എന്നിവരെ മാലോത്ത് കസബ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി ഹോസ്റ്റല്‍സൗകര്യമുള്ള ബളാംതോട് ഹൈസ്‌കൂളില്‍ ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം മിനുമണിയുടെ ആറു വയസ്സുള്ള സഹോദരിയെ കുണ്ടംകുഴി ആശ്രാം സ്‌കൂളിലും ചേര്‍ത്തു. ഇവര്‍ സ്‌കൂളില്‍ എത്തണമെങ്കില്‍ രാവിലെയും വൈകിട്ട് ഒമ്പത് കിലോമീറ്റര്‍ നടക്കേണ്ട അവസ്ഥലയിലായിരുന്നു. ജീവിത ദുരിതം കൂടിയാകുമ്പോള്‍ സ്‌കൂളില്‍ചേര്‍ന്ന് ദിവസങ്ങള്‍ക്കകം കൊഴിഞ്ഞു പോകുന്ന അവസ്ഥയായിരുന്നു മുന്‍വര്‍ഷങ്ങളില്‍. ഇത് പരിഹരിക്കാനാണ് ഇവരെ ഹോസ്റ്റലുകളില്‍ താമസിപ്പിക്കുന്നത്. ഇതിന് പുറമേ  വിദ്യാര്‍ഥികളെ മാലോത്ത് കസബ സ്‌കൂളില്‍ എത്തിക്കുന്നതിനാണ് നമ്പ്യാര്‍മൂല, കോട്ടച്ചേരി, വായതാട്ട്, മാന്തില, പുഞ്ച, എടക്കാനം, കമ്മാടി, കമ്മത്തട്ട്, മുടന്തന്‍പാറ, കിണ്ണത്താടി, ചുള്ളിത്തട്ട്, കണ്ണീര്‍വാടി, കരിയോട്ടുചാല്‍, കാപ്പിത്തട്ട് തുടങ്ങി 14 കോളനികളിലേക്ക് ജീപ്പ് സര്‍വീസ് ആരംഭിച്ചത്.
ഈ വര്‍ഷം ഗോത്രവാഹിനി പദ്ധതിക്കായി 60 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 16 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്‌കൂള്‍ ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിക്കാന്‍ വൈകിയതുകാരണം കുട്ടികളുടെ കൊഴിഞ്ഞുപോക്കുണ്ടായി. ഇത്തവണ ഫണ്ട് കൂടുതല്‍ അനുവദിച്ചതോടെ സമീപ പഞ്ചായത്തുകളായ വെസ്റ്റ് ഏളേരി, ഈസ്റ്റ് ഏളേരി, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, പനത്തടി എന്നിവിടങ്ങളിലെ സ്‌കൂളുകളിലേക്ക് കൂടി വ്യാപിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി മാലൂര്‍ക്കയം, മുണ്ടംതടം കോളനികളില്‍ നിന്ന് കുട്ടികളെ ജിഎച്ച്എസ്എസ് പരപ്പയിലേക്കും റാണിപുരം ഫോറസ്റ്റിനോട് ചേര്‍ന്നുള്ള ചെമ്പംവയല്‍, താന്നിക്കാല്‍, കാടമല, കാപ്പിത്തോട്ടം, ചിറ്റുരടക്കം, ഗഡിക്കാല്‍ എന്നീ കോളനികളില്‍ നിന്ന് ജിഎച്ച്എസ്എസ് പനത്തടിയിലേക്കും രണ്ട് കോളനികളില്‍ നിന്ന് ജിഎച്ച്എസ്എസ് ബളാലിലേക്കും ഏഴ് കോളനികളില്‍ നിന്ന് പാണത്തൂര്‍ ഗവ. വെല്‍ഫെയര്‍ സ്‌കൂളിലേക്കും എത്തിക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചു വരുന്നത്.
Next Story

RELATED STORIES

Share it