kannur local

ഗോത്രസഭാ നേതാവ് സോമന്‍ കാളികയവും അനുയായികളും എല്‍ഡിഎഫിനൊപ്പം

ഇരിട്ടി: രാജ്യത്തെ ഏറ്റവും വിപുലമായ ആറളം ആദിവാസി പുനരധിവാസ മേഖലയെ തീര്‍ത്തും അവഗണിച്ച യുഡിഎഫ് സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ആദിവാസി ഗോത്രസഭ സംസ്ഥാന നേതാവും സി കെ ജാനുവിന്റെ അടുത്ത അനുയായിയുമായ സോമന്‍ കാളികയം എല്‍ഡിഎഫിനെ പിന്തുണക്കും.
എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്താണ് ആറളം ഫാമിലെ ആദിവാസികള്‍ക്കായി കെ കെ ശൈലജ എംഎല്‍എയുടെ ശ്രമഫലമായി 800വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. ഫാമില്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റും അന്ന് അനുവദിച്ചു.
മണ്ണൂത്തി കാര്‍ഷിക സര്‍വകശാല, സംസ്ഥാന ക്ഷീര വികസന വകുപ്പ്, കൃഷി വകുപ്പ്, ആറളം ഫാമിങ് കോര്‍പറേഷന്‍ എന്നിവയും സര്‍ക്കാര്‍ വകുപ്പുകളാകെയും ഏകോപിപ്പിച്ച് ആറളത്ത് ആദിവാസികള്‍ക്കായി പ്രത്യേക ജീവനോപാധിക്ക് പാക്കേജും അനുവദിച്ചു.
ഫാമിലെ രോഗികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് ആറളം ഫാമിങ് കോര്‍പറേഷന്‍ വക സൗജന്യ പോഷകഹാര വിതരണത്തിന് അന്നത്തെ എംഡി പ്രശാന്ത് ഐഎസ് സര്‍ക്കാര്‍ നിര്‍ദേശാനുസരണം നടത്തിയ പ്രവര്‍ത്തനവും മാതൃകയാണെന്ന് സോമന്‍ പറഞ്ഞു.
എന്നാല്‍ യുഡിഎഫ് അധികാരമേറ്റ ശേഷം പദ്ധതികള്‍ ഒന്നൊന്നായി തകര്‍ത്തു. മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് പ്രവര്‍ത്തനം പാടെ നിലച്ചു.
മന്ത്രിമാരും എംഎല്‍എയും പലവട്ടം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായില്ല. ഒടുവില്‍ സി കെ ജാനു ബിജെപി പാളയത്തില്‍ അഭയം തേടുന്ന നില വന്നു. ആദിവാസികളുടെ ജീവിതദുരിതങ്ങള്‍ പരിഹരിച്ച് കിട്ടാന്‍ എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ക്ക് ഇക്കാലയളവില്‍ നേതൃത്വം നല്‍കിയ സിപിഎമ്മും ഇടതുപക്ഷവും മാത്രമാണ് ഇനി ആറളം ആദിവാസി പുനരധിവാസത്തിന് ആശ്രയിക്കാവുന്ന പ്രസ്ഥാനമെന്നും സോമന്‍ കാളിയകം പറഞ്ഞു.
Next Story

RELATED STORIES

Share it