ഗോത്രവിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാനായില്ല

പനമരം: ഹാജര്‍ കുറവായതിനാല്‍ സ്‌കൂള്‍ രജിസ്റ്ററില്‍ നിന്നു പേര് വെട്ടിയതിനെ തുടര്‍ന്ന് ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായില്ല. നീര്‍വാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലോളം ആദിവാസി വിദ്യാര്‍ഥികള്‍ക്കാണു പരീക്ഷ എഴുതാന്‍ കഴിയാതെ വന്നത്.
സ്‌കൂളിന്റെ വിജയശതമാനം ഉയര്‍ത്തുന്നതിനു വേണ്ടിയാണ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിപ്പിക്കാതിരുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍, തുടര്‍ച്ചയായി സ്‌കൂളില്‍ വരാതിരുന്നതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ മാത്രമാണ് തങ്ങള്‍ സ്വീകരിച്ചതെന്നും ബന്ധപ്പെട്ട വിദ്യാഭ്യാസാധികൃതര്‍ക്ക് എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വ്യക്തമാക്കി. അധ്യയനവര്‍ഷാരംഭം മുതല്‍ 54 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ 10ാം ക്ലാസിലുണ്ടായിരുന്നത്. അതി ല്‍ 49 വിദ്യാര്‍ഥികള്‍ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷയെഴുതാത്ത വിദ്യാര്‍ഥികളില്‍ ഒരാളൊഴികെ നാലുപേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it