ഗോത്രമഹാസഭയുടെ രാഷ്ട്രീയ മുന്നണി 19ന് പ്രഖ്യാപിക്കും: സി കെ ജാനു

തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി 19ന് നടക്കുന്ന 14ാമത് മുത്തങ്ങ ദിനാചരണത്തില്‍ പ്രഖ്യാപിക്കുമെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു. വരാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചല്ല മുന്നണി രൂപീകരണം. എന്നാല്‍ അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കുമെന്നും സി കെ ജാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസി സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. 19ന് തിരുവനന്തപുരം ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ നടക്കുന്ന മുത്തങ്ങ ദിനാചരണം സമഗ്ര ഭൂപരിഷ്‌കരണ കാംപയിനാക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദിവാസികള്‍ക്ക് പുറമെ ദലിതര്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് കൃഷിഭൂമിയും ഭവനരഹിതര്‍ക്ക് പാര്‍പ്പിടാവകാശവും ഉന്നയിക്കുന്ന സമ്പൂര്‍ണ ഭൂപരിഷ്‌കരണ പരിപാടിയാണ് കാംപയിന്‍ വഴി ഉദ്ദേശിക്കുന്നത്. ഇതിനായുള്ള നയരേഖയ്ക്ക് സമ്മേളനത്തില്‍ അന്തിമരൂപം നല്‍കും. ആദിവാസികള്‍ക്ക് ലഭിച്ച നേട്ടമത്രയും പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തവയാണ്. മുത്തങ്ങ സമരവും ചെങ്ങറ സമരവും നില്‍പു സമരവുമെല്ലാം ഇത്തരത്തില്‍ വിജയിച്ചവയാണ്. അതിനാല്‍ സ്വയംഭരണ സംവിധാനത്തിലൂടെ ആദിവാസികളെ ശാക്തീകരിക്കാനുള്ള പ്രക്ഷോഭം ആരംഭിക്കാന്‍ സഭ തീരുമാനിച്ചിരിക്കുകയാണ്.
സാമൂഹിക വനാവകാശം സമ്പൂര്‍ണമായി നടപ്പാക്കുന്ന ആദിവാസി ഗ്രാമസഭാ നിയമം(പെസ്) നടപ്പാക്കുന്ന കാര്യം ശക്തമായി ഉന്നയിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ നയത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ശക്തമായ പ്രക്ഷോഭമാണ് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ആരംഭിക്കുന്നതെന്നും സി കെ ജാനു പറഞ്ഞു. 20ന് തൈക്കാട് ഗാന്ധിഭവനില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദലിത് ആദിവാസി വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനുള്ള നിയമത്തിനായി കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it