ഗോകുലം കേരള എഫ്‌സി:മലപ്പുറത്ത് വിതച്ചു; കൊയ്തത് കോഴിക്കോട്

ടി പി ജലാല്‍

കോഴിക്കോട്: ഗോകുലം കേരള എഫ്്‌സിയുടെ ഹോംഗ്രൗണ്ട് കോഴിക്കോട്ടേക്കു മാറ്റിയതില്‍ ഏറെ വേദനിക്കുന്നത് മലപ്പുറം ജില്ലയിലെ കാണികളാണ്. ഫെഡറേഷന്‍ കപ്പ് വന്‍ വിജയമാക്കിയ ജില്ലക്കാരുടെ ആഗ്രഹമായിരുന്നു ടീമിന്റെ ഹോംഗ്രൗണ്ട് മലപ്പുറത്തു വേണമെന്നത്. അതാണ് ഇന്നു മുതല്‍ മാറുന്നത്. മലപ്പുറം ആസ്ഥാനമാക്കിയാണ് ഗോകുലം കേരള എഫ്‌സി രൂപീകരിച്ചതു തന്നെ. ഇതിനായി പരിശീലനവും പ്രദര്‍ശനമല്‍സരവും മലപ്പുറത്തു തന്നെ നടത്തി. ഹോംഗ്രൗണ്ടായി മലപ്പുറത്തെ പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയവും തീരുമാനിച്ചു. മലപ്പുറത്തെ കാണികളുടെ മനംകവര്‍ന്നുവരുന്നതിനിടെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ഉടക്കുന്നത്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിനു നല്‍കിയിരുന്ന വാടക വര്‍ധിപ്പിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചതോടെ അക്ഷരാര്‍ഥത്തില്‍ ഗോകുലത്തിന് മടുത്തുതുടങ്ങിയിരുന്നു. പയ്യനാട് സ്റ്റേഡിയം പരിശീലനത്തിനു വിട്ടുനല്‍കുന്നതിലും അധികൃതര്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി. ഇത്രയൊക്കെ ആയതോടെ ഫുട്‌ബോളിനെ എന്നും കൈനീട്ടി സ്വീകരിക്കുന്ന കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഗോകുലത്തിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് ടീമിന് ഒന്നും ആലോചിക്കേണ്ടിവന്നില്ല. മലപ്പുറത്തെ കാണികളെ വേണം എന്ന ഒരൊറ്റ കാരണംകൊണ്ട് മാത്രമാണ് ഗോകുലം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. പയ്യനാട് ഫഌഡ്‌ലൈറ്റ് സ്ഥാപിക്കാന്‍ പോലും മെനക്കെടാത്തത് ടീമിന്റെ ഹോംഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റാനുള്ള തീരുമാനത്തിനു കാരണമാവുകയായിരുന്നു. നിങ്ങള്‍ ഒരു ടീമിന്റെയും ഹോംഗ്രൗണ്ടാവേണ്ട, വെറും കാണികളായാല്‍ മതി. ഇതാണ് മലപ്പുറത്തുകാരോട് കായികവകുപ്പ് പറയാതെ പറയുന്നതെന്ന് ഗോകുലം ആരാധകന്‍ പറഞ്ഞു. ചുരുക്കത്തില്‍ ഗോകുലത്തിന്റെ വിത്തുകളിട്ടത് മലപ്പുറത്താണ്. എന്നാല്‍, കൊയ്തത് കോഴിക്കോട്ടും. കൊല്‍ക്കത്തന്‍ ടീമുകള്‍പോലും ഇഷ്ടഗ്രൗണ്ടായി പ്രഖ്യാപിച്ചിരുന്നതാണ് കോര്‍പറേഷന്‍ സ്റ്റേഡിയം.
Next Story

RELATED STORIES

Share it