Flash News

ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആക്കിയില്ലെങ്കില്‍ ആരോപണങ്ങള്‍ സത്യമാവും: ജ. ചെലമേശ്വര്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചാല്‍ പിന്നെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസ് ആക്കിയില്ലെങ്കില്‍ ജനുവരി 12ന് താനും മൂന്ന് ജഡ്ജിമാരും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നു വ്യക്തമാവുമെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍. ജ. ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആക്കാതിരിക്കുമോ എന്ന് പ്രവചിക്കാന്‍ ഞാന്‍ ജ്യോല്‍സ്യനല്ല. അങ്ങനെ സംഭവിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഹാവഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഹാവഡ് ക്ലബ് ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജനാധിപത്യത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു.
കൊളീജിയം ശുപാര്‍ശ രണ്ടു മാസത്തിനുശേഷവും അംഗീകരിക്കാത്ത സര്‍ക്കാര്‍ നടപടി ആശങ്കയുണ്ടാക്കുന്നതാണ്. ചീഫ് ജസ്റ്റിസിനെതിരേ കൊളീജിയത്തിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പങ്കെടുത്തിരുന്നു. അതിനാലാണ് ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആക്കുമോയെന്ന ചോദ്യം ഉയര്‍ന്നത്.
ചീഫ് ജസ്റ്റിസുമായി ജഡ്ജിമാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം സാമ്പത്തികപരമല്ല. നീതിന്യായ സംവിധാനത്തിന്റെ സുതാര്യതയുമായി ബന്ധപ്പെട്ട തര്‍ക്കമാണത്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മറ്റു വഴികള്‍ ഇല്ലാത്തതുകൊണ്ടാണ് ചീഫ് ജസ്റ്റിസിനു കത്തെഴുതിയത്. എന്നിട്ടും പരിഹാരമില്ലാത്തതിനെ തുടര്‍ന്നാണ് പരസ്യമായി പറഞ്ഞത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ അപാകതയില്ല. പരിഗണിക്കുന്ന കേസുകള്‍ സംബന്ധിച്ച് ജഡ്ജിമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനു മാത്രമാണ് വിലക്കുള്ളത്. ചീഫ് ജസ്റ്റിസ് അടക്കം ആരോപണവിധേയനായ മെഡിക്കല്‍ കോഴക്കേസ് മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ട തന്റെ ഉത്തരവ് റദ്ദാക്കിയത് എന്തുകൊണ്ടെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലേക്കു വിടാനുള്ള തീരുമാനമാണോ ജനുവരി 12ന്റെ വാര്‍ത്താസമ്മേളനത്തിനു കാരണമെന്ന ചോദ്യത്തിന് ഇപ്പോള്‍ അത് പറയാനാവില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it