Flash News

ഗെയില്‍ : സാധ്യമെങ്കില്‍ അലൈന്‍മെന്റ് മാറ്റണം



കൊച്ചി: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സുരക്ഷ പരിശോധിക്കാന്‍ ഹൈക്കോടതി അയച്ച അഡ്വക്കറ്റ് കമ്മീഷണര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധ്യമെങ്കില്‍ ഈ ഘട്ടത്തില്‍ അലൈന്‍മെന്റ് മാറ്റണമെന്ന് അഡ്വക്കറ്റ് കമ്മീഷണര്‍ ഷമീന സലാഹുദ്ദീന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പറയുന്നു. പലയിടങ്ങളിലും യുക്തിസഹമല്ലാത്ത കാരണങ്ങളാല്‍ അലൈന്‍മെന്റ് മാറ്റിയിരിക്കുന്നു. ഇത് ജനങ്ങള്‍ക്കു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. സാധ്യമെങ്കില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കി കടല്‍ത്തീരത്ത് കൂടി പൈപ്പിടുന്ന കാര്യം പരിഗണിക്കണം. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ സുരക്ഷാ ഗുണനിലവാര പരിശോധന നടത്തണം. നിലവില്‍ ഇട്ടിരിക്കുന്ന പൈപ്പുകളുടെ സുരക്ഷയെക്കുറിച്ച് അറിയാനായിട്ടില്ല. വിദഗ്ധര്‍ക്കു മാത്രമേ ഇതിനു കഴിയൂ. ഇടാന്‍ സൂക്ഷിച്ചിരിക്കുന്ന പൈപ്പുകള്‍ തുരുമ്പ് പിടിച്ചിരിക്കുന്നത് ആശങ്കയുളവാക്കുന്നു. വാല്‍വ് സ്റ്റേഷനുകളായി കണക്കാക്കിയിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയും ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്.ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം തൃപ്തികരമല്ല. പ്രത്യേകിച്ചും കുറച്ചു ഭൂമി മാത്രമുള്ളവര്‍ക്ക് ഈ തുക കൊണ്ട് മറ്റൊരു ഭൂമി വാങ്ങാനാവില്ല. പൈപ്പിടുന്നത് പ്രധാനമായും നഗരപ്രദേശങ്ങളിലൂടെയാണ്. മലപ്പുറം പോലുള്ള വലിയ ടൗണുകളും ഇതില്‍ ഉള്‍പ്പെടുന്നു. തൃശൂര്‍ പെരുമ്പിലാവില്‍ നെല്‍പാടത്തിലൂടെ പൈപ്പിടുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശമായതിനാല്‍ പൈപ്പിന്റെ ഗുണനിലവാരം പരിശോധിക്കാനായില്ല.  പുറത്തുകിടന്ന പൈപ്പുകള്‍ പലതും തുരുമ്പു പിടിച്ചതാണ്. ഓയില്‍ ഇന്‍ഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരം പാര്‍പ്പിടങ്ങളില്‍ നിന്ന് 15 മീറ്റര്‍ അകലെ മാത്രമേ പൈപ്പിടാവൂ. എന്നാല്‍ പലയിടത്തും ജനവാസമേഖലകളിലൂടെയാണ് കടന്നുപോവുന്നത്. ദലിത് വിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്ന പെരുമ്പിലാവിലെ കോളനിയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോവുന്നുണ്ട്. ഈ കോളനിയിലുള്ളവര്‍ക്ക് 3-5 സെന്റ് സ്ഥലമേ സ്വന്തമായുള്ളൂ. പൈപ്പിടല്‍ നടപടികള്‍ക്ക് 20 മീറ്റര്‍ വീതിയില്‍ സ്ഥലം മതിയെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും 35 മീറ്ററെങ്കിലും വേണമെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. ഒരിക്കല്‍ പൈപ്പിട്ടുകഴിഞ്ഞാല്‍ അവിടെ മറ്റെന്തെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗെയില്‍ അധികൃതരുടെ അനുമതി വേണം. വാല്‍വ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വളാഞ്ചേരി ടൗണില്‍ സ്‌കൂളും കോളജും നിരവധി ബഹുനിലക്കെട്ടിടങ്ങളുമുണ്ട്.  മലപ്പുറത്ത് നഗരത്തിന്റെ മധ്യത്തിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നുപോവുക. പ്രദേശവാസികളുടെ കുടിവെള്ളം ഉറപ്പാക്കുന്ന അരുവിയും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ ഈ പ്രദേശം ക്ലാസ് മൂന്നാണ്. നല്ല ജനസാന്ദ്രതയുള്ളതും നിരവധി കെട്ടിടങ്ങളുള്ളതുമായ ഈ പ്രദേശത്തെ ക്ലാസ് നാലാക്കി മാറ്റണം.വടകര തൂണേരി,  നാദാപുരം കുമ്മങ്കോട്, താമരശ്ശേരി ശിവപുരം, പുത്തൂര്‍ വില്ലേജില്‍ ചൊക്കൂര്‍ എന്നിവിടങ്ങളില്‍ അലൈന്‍മെന്റ് ജനവാസപ്രദേശത്തു കൂടിയാണ്. കോഴിക്കോട് മുക്കത്ത് കെഎംസിടി മെഡിക്കല്‍ കോളജിന്റെ 150 മീറ്റര്‍ അടുത്തുകൂടിയാണ് അലൈന്‍മെന്റ് എന്നും റിപോര്‍ട്ട് നിരീക്ഷിക്കുന്നു.
Next Story

RELATED STORIES

Share it