Flash News

ഗെയില്‍ സമര സമിതി ദേശീയപാത ഉപരോധിച്ചു



മലപ്പുറം: മരവട്ടത്തും എരഞ്ഞിമാവിലും ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ സമരം നടത്തിയവരെ പോലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഗെയില്‍ സമരസമിതി മലപ്പുറം ദേശീയപാത ഉപരോധിച്ചു. കലക്ടറേറ്റിനു മുന്നില്‍ സമരം നടത്താനുള്ള ശ്രമം പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ദേശീയപാത ഉപരോധിച്ചത്. രാവിലെ കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പി ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിനു മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ മലപ്പുറം കുന്നുമ്മല്‍ ജങ്ഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുസ്‌ലിംലീഗ്, കോണ്‍ഗ്രസ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സിപിഎം, പിഡിപി തുടങ്ങി വിവിധ കക്ഷി പ്രവര്‍ത്തകരാണ് സമരത്തിനെത്തിയത്. ഉപരോധ സമരത്തില്‍ സമരസമിതി ചെയര്‍മാന്‍ പി എ സലാം അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ ടി അഷ്‌റഫ്, കെപിസിസി അംഗം എം വിജയകുമാര്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എം പി മുസ്തഫ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം ഐ റഷീദ്, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ശിഹാബ് പുല്‍പ്പറ്റ, പിഡിപി ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ് പുല്‍പ്പറ്റ, സമര സമിതി കണ്‍വീനര്‍ ബാവ പൂക്കോട്ടൂര്‍ സംസാരിച്ചു. കിടപ്പാടം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഗെയില്‍ പദ്ധതി ജീവന്‍ കൊടുത്തും തടയുമെന്ന് ഉപരോധത്തെ അഭിസംബോധന ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. ഉപരോധത്തിന് സമരസമിതി വൈസ് ചെയര്‍മാന്‍ പി പി ഷൗക്കത്തലി, പി മുസ്തഫ, അഡ്വ. സാദിഖ് നടുത്തൊടി, മുനീബ് കാരക്കുന്ന്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഇഖ്ബാല്‍ പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it