Editorial

ഗെയില്‍ സമരവും സര്‍ക്കാര്‍ നിലപാടും

ഗെയില്‍ സമരക്കാരെ തീവ്രവാദികളായി വിലയിരുത്തുന്നവര്‍ ചില കാര്യങ്ങള്‍ അറിയാനുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്യുന്ന നാടാണ് കേരളം. ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കയുള്ളവര്‍ സമരം ചെയ്യുമെന്നത് സ്വാഭാവികമാണ്. അവരുടെ ആശങ്കകള്‍ ദൂരീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. കാരണം, ഈ പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന ഭൂമിയുമായി ബന്ധപ്പെട്ടു തന്നെയാണ് ഇരകളുടെ ആശങ്കയും. ഈ പൈപ്പ്‌ലൈനില്‍ വല്ല പൊട്ടിത്തെറിയും സംഭവിച്ചാല്‍ അതു കടന്നുപോവുന്ന ഭൂമിയുടെ ഉടമയാണ് അതിന് ഉത്തരവാദിയാവുക. ഇയാള്‍ക്കെതിരേയാണ് കേസെടുക്കുക എന്നത് തികച്ചും ആശങ്കാജനകമാണ്. ഇത്തരം ആശങ്കയുള്ളവരെല്ലാം തീവ്രവാദികളാണോ?ഭരണകൂടമാവട്ടെ ഇവരുടെ ആശങ്കയകറ്റാന്‍ തയ്യാറാവുന്നതിനു പകരം പോലിസിനെ ഉപയോഗിച്ച് സമരക്കാരുടെയും നിരപരാധികളുടെയും വീടുകളില്‍ കയറി നരനായാട്ട് നടത്തുന്നതും അന്യായ അറസ്റ്റും ശരിയായ രീതിയാണോ? സമരത്തെ പരിഹസിക്കുന്നതിനു പകരം സമരക്കാരുടെ ആശങ്ക അകറ്റുകയല്ലേ ഭരണകൂടം ചെയ്യേണ്ടത്? സമരക്കാരെ പരിഹസിക്കുന്ന നിലപാടുകളോടും പോലിസിന്റെ അതിക്രമങ്ങളോടും നാം ശക്തമായി പ്രതിഷേധിക്കേണ്ടതില്ലേ? ഇവിടത്തെ ഇരകളാരും സര്‍ക്കാരിനെതിരല്ല. മറിച്ച് തങ്ങളുടെ ആശങ്കകളാണ് സമരത്തിലൂടെ ബന്ധപ്പെട്ടവരെ അറിയിക്കുന്നത്.സമരക്കാര്‍ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങളിലൂടെ ഒന്നു കണ്ണോടിക്കാന്‍ സാക്ഷരകേരളത്തിലെ പ്രബുദ്ധജനം തയ്യാറാവണം. ഇവയാണ് അവയില്‍ ചിലത്:  1962ലെ സെക്ഷന്‍ 7 എ, ബി, സി വകുപ്പുകള്‍ പ്രകാരം ജനവാസമേഖലയിലൂടെയോ ഭാവിയില്‍ ജനവാസമേഖലയാവാന്‍ സാധ്യതയുള്ള ഇടങ്ങളിലൂടെയോ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ പാടില്ല (ഈ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്). കടലിലൂടെ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച ഈ പദ്ധതി കോര്‍പറേറ്റുകളുടെ ലാഭക്കൊതിയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗവുമായാണ് നിയമം അട്ടിമറിച്ച് ജനവാസമേഖലകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പദ്ധതിപ്രകാരം 1,114 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ആണ് സ്ഥാപിക്കാന്‍ പോവുന്നത്. കേരളത്തില്‍ ഏതാണ്ട് 500 കിലോമീറ്റര്‍ നീളത്തിലാണു പദ്ധതി കടന്നുപോവുന്നത്. 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകള്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിന് 20 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 1962ലെ പിഎംപി ആക്റ്റ് (പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ്‌ലൈന്‍ അക്വിസിഷന്‍ ഓഫ് റൈറ്റ് ഓഫ് യൂസര്‍ ഇന്‍ ലാന്‍ഡ് ആക്റ്റ്) പ്രകാരമാണ് ഈ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കുന്നത്. ഭൂമിയുടെ ആധാരവിലയുടെ 10 ശതമാനം മാത്രമാണ് ഭൂമിയിലുള്ള അധികാരത്തിന് നഷ്ടപരിഹാരമായി നല്‍കുന്നത്. ഈ ഭൂമിയില്‍ മരം നടാനോ കിണര്‍ കുഴിക്കാനോ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ല. വേരിറങ്ങാത്ത പച്ചക്കറി കൃഷി തുടങ്ങിയവയ്ക്കു മാത്രമേ സ്ഥലം ഉപയോഗിക്കാന്‍ പാടുള്ളൂ. പൈപ്പ്‌ലൈനിന്റെ സുരക്ഷ സ്ഥലം ഉടമയുടെ ചുമതലയിലാണ്. കര്‍ണാടകയിലെ ഈസ്റ്റ് ഗോദാവരി (2010 നവംബര്‍ 9), ഗുജറാത്തിലെ ഹസീറ (2009 ഏപ്രില്‍ 27), ഗോവയിലെ വാസ്‌കോ (2011 ആഗസ്ത് 20) എന്നിവിടങ്ങളില്‍ പൈപ്പ്‌ലൈന്‍ അപകടങ്ങള്‍ ഉണ്ടാവുകയും ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ (2014 ജൂണ്‍ 27) ഗെയിലിന്റെ പൈപ്പ് പൊട്ടിത്തെറിച്ച് 19 പേര്‍ കൊല്ലെപ്പടുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെയാണ് 1962ലെ സെക്ഷന്‍ 7 എ, ബി, സി വകുപ്പുകള്‍ നടപ്പാക്കി ഗെയില്‍ പൈപ്പ്‌ലൈന്‍ ജനവാസപ്രദേശത്തു നിന്ന് ഒഴിവാക്കണമെന്ന് പദ്ധതിയെ ആശങ്കയോടെ കാണുന്നവര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it