malappuram local

ഗെയില്‍ സമരത്തിന് മലപ്പുറം നഗരസഭയുടെ പിന്തുണ



മലപ്പുറം: ഗെയില്‍ പദ്ധതിക്കെതിരേയുള്ള ജനകീയ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മലപ്പുറം നഗരസഭ കൗണ്‍സില്‍. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് കൗണ്‍സില്‍ തീരുമാനം പാസാക്കിയത്. യുഡിഎഫിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്നുകൂടി ഉള്‍പെടുത്തി ചില ബേധഗതികള്‍ ഇതില്‍ വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് ഭരണപക്ഷം തയ്യാറായില്ല. ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന പോലിസ് നയം പ്രതിഷേധാര്‍ഹമാണ്. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി വേണം ഗെയില്‍ പദ്ധതി നടപ്പാക്കാനെന്നും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍, സമരത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരാണെന്നും പോലിസ് നടപടി സ്വാഭാവികമാണെന്നും പറഞ്ഞ് എല്‍ഡിഎഫ് അംഗങ്ങള്‍ ഗെയില്‍ അധികൃതരേയും പോലിസിനേയും ന്യായീകരിച്ച് രംഗത്തുവന്നത് കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് വഴിവച്ചു. ഗെയില്‍ അധികൃതര്‍ ഒരുപാട് മുന്നോട്ടുപോയെന്നും അലൈമെന്റ് സാധ്യമല്ലെന്നും എല്ലാം യുഡിഎഫ് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്നുമുള്ള  വാദമുയര്‍ത്തി പ്രതിപക്ഷം ബഹളംവച്ചു. എന്നാല്‍, 2009ല്‍ ഇടത് സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുദാനന്ദനും വ്യവസായ മന്ത്രി എളമരം കരീമുമാണ് പദ്ധതിക്കായി ഒപ്പുവച്ചതെന്നും ഭരണപക്ഷത്തെ ഹാരിസ് ആമിയന്‍ പറഞ്ഞു. ഇടതു സര്‍ക്കാറിന്റെ ഉത്തരവിന്റെ പകര്‍പ്പും കൗണ്‍സിലില്‍ ഉയര്‍ത്തികാണിച്ചു. പാവങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ മുന്നോട്ടുപോവുന്ന ഗെയില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കാന്‍ മുന്നോട്ടുവരണമെന്നും പ്രതിപക്ഷം രാഷ്ട്രീയം മറന്ന് ജനങ്ങളോടൊപ്പം നില്‍ക്കണമെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു. കെ കെ മുസ്തഫ എന്ന നാണി, സി കെ ജലീല്‍, മുഹമ്മദ്കുട്ടി തോപ്പില്‍, അഡ്വ. റിനിഷ, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍ സംസാരിച്ചു. പദ്ധതിക്ക് ആരും എതിരല്ലെന്നും ജനവാസകേന്ദ്രം ഒഴിവാക്കണമെന്നാണ് ആവശ്യമെന്നും ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല പറഞ്ഞു.
Next Story

RELATED STORIES

Share it