Flash News

ഗെയില്‍ സമരം : സംസ്ഥാനപാതയില്‍ തെരുവുയുദ്ധം



മുക്കം: ജനവാസമേഖലയില്‍ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ നടക്കുന്ന ജനകീയ സമരത്തിനിടെ വീണ്ടും സംഘര്‍ഷം. ഒരു മാസമായി സമരം നടക്കുന്ന കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ പോലിസ് സഹായത്തോടെ പ്രവൃത്തി ആരംഭിക്കാന്‍ ഇന്നലെ ഗെയില്‍ അധികൃതര്‍ എത്തിയതാണ് പോലിസും ജനങ്ങളും തമ്മിലുള്ള തെരുവുയുദ്ധത്തില്‍ കലാശിച്ചത്. പോലിസ് സമരക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരുടെ  വാഹനങ്ങള്‍ പോലിസ് അടിച്ചുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് 50ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 9 മണിക്ക് തുടങ്ങിയ സംഘര്‍ഷം വൈകീട്ട് 5 മണിയോടെയാണ് അവസാനിച്ചത്. അരീക്കോട് വാലില്ലാപ്പുഴയില്‍ നിന്നു പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരടക്കം 14 പേരെയാണ് മഞ്ചേരി സിഐയുടെ നേതൃത്വത്തില്‍ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് അറസ്റ്റ്. മഞ്ചേരി സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ കോടതിയില്‍ ഹാജരാക്കി. എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ സമരത്തിന്റെ തുടര്‍ച്ചയായാണ് വാലില്ലാപ്പുഴയിലും അനിഷ്ടസംഭവങ്ങളുണ്ടായത്. കുട്ടികളടക്കം അറസ്റ്റിലായവരെ വാഹനത്തിലിട്ട് പോലിസ് ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എംഎല്‍എമാരായ പി കെ ബഷീര്‍, അഡ്വ. എം ഉമ്മര്‍ എന്നിവര്‍ മഞ്ചേരി സ്‌റ്റേഷനിലെത്തി അറസ്റ്റിലായവരെ കണ്ടു. മുക്കം-അരീക്കോട് റോഡില്‍ 10 കിലോമീറ്റര്‍ പരിധിയില്‍ പലയിടത്തായി പോലിസും ജനക്കൂട്ടവും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഗെയിലിന്റെ വാഹനം എരഞ്ഞിമാവില്‍ എത്തിയ ഉടനെ സമരക്കാര്‍ക്കിടയില്‍ നിന്നു വാഹനത്തിനു നേരെ കല്ലേറ് നടന്നു. ഇതോടെയാണ് പോലിസ് ലാത്തിവീശിയത്. സംസ്ഥാനപാതയോരത്ത് എരഞ്ഞിമാവിലും പന്നിക്കോട് റോഡിലും നിര്‍മിച്ച സമരപ്പന്തലും സംഘടനകളു്വടെ കൊടികളും ബോര്‍ഡുകളും പോലിസ് അടിച്ചുതകര്‍ത്തു. ഇതിനിടെ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഉപയോഗിച്ചും ടയറുകള്‍ കത്തിച്ചും തടസ്സമുണ്ടാക്കി. വലിയപറമ്പിലും കല്ലായിയിലും എരഞ്ഞിമാവിലും സമരക്കാര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലിസ്  വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കയറി അതിക്രമം നടത്തിയതായും പരാതിയുണ്ട്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. എ കെ ഇസ്മായീല്‍ വഫയും കുടുംബവും ഉള്‍പ്പെടെ പോലിസ് അതിക്രമത്തിന് ഇരയായി. എരഞ്ഞിമാവ് ഭാഗത്ത് പോലിസ് ബലമായി കടകള്‍ ഒഴിപ്പിച്ചു. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ജനക്കൂട്ടത്തിന്റെ ഭീഷണിയുമുണ്ടായി. കല്ലായി ഭാഗത്ത് അക്രമാസക്തരായ ജനക്കൂട്ടം രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ എറിഞ്ഞുതകര്‍ത്തു. അതിനിടെ സമരക്കാരെ ഓടിച്ചുവിട്ട് പ്രവൃത്തി തുടങ്ങാന്‍ ശ്രമം നടന്നങ്കിലും പദ്ധതിപ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഗെയിലിന്റെ രണ്ടു മണ്ണുമാന്തി യന്ത്രങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചതിനാല്‍ പ്രവൃത്തി നടത്താനായില്ല. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ  നേതൃത്വത്തില്‍ ഇരുപതോളം വാഹനങ്ങളിലായി മുന്നൂറോളം പോലിസുകാരും സ്ഥലത്തെത്തിയിരുന്നു. കെപിടിഎല്‍ സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it