Flash News

ഗെയില്‍ സമരം: പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന് പോലീസ്; സമരം തകര്‍ക്കാനുള്ള ശ്രമമെന്ന് സമരസമിതി

ഗെയില്‍ സമരം: പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന് പോലീസ്; സമരം തകര്‍ക്കാനുള്ള ശ്രമമെന്ന് സമരസമിതി
X


മുക്കം: ജനവാസമേഖലയില്‍ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ നടക്കുന്ന ജനകീയ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്ന് പോലീസ്. ഗെയില്‍ സമരത്തിന്റെ മറവില്‍ നടന്നത് പൊലീസ് സ്‌റ്റേഷന്‍ ആക്രമണമാണെന്നും കല്ലും വടികളുമായാണ് സമരക്കാര്‍ സ്‌റ്റേഷനിലെത്തിയതെന്നും പോലീസ് പറയുന്നു. ഇതിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സഘടനകളാണെന്നും മലപ്പുറത്തെ ചില സംഘടനകളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സമരത്തില്‍ ഇതുവരെ 32 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 21 പേരെ മുക്കം പൊലീസും, 11 പേരെ അരീക്കോട് പൊലീസുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, പോലീസ് വാദം സമരം തകര്‍ക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്ന് സമര സമിതി ആരോപിച്ചു. ഇന്നലെ വൈകുന്നേരം യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും സമര സമിതി ആരോപിച്ചു.ഇന്നും സമരം തുടരുമെന്ന് ഗെയില്‍ വിരുദ്ധ സമര സമിതി വ്യക്തമാക്കി.
ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു മാസമായി സമരം നടക്കുന്ന കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ പോലിസ് സഹായത്തോടെ പ്രവൃത്തി ആരംഭിക്കാന്‍ ഇന്നലെ ഗെയില്‍ അധികൃതര്‍ എത്തിയതാണ് പോലിസും ജനങ്ങളും തമ്മിലുള്ള തെരുവുയുദ്ധത്തില്‍ കലാശിച്ചത്. പോലിസ് സമരക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരുടെ  വാഹനങ്ങള്‍ പോലിസ് അടിച്ചുതകര്‍ത്തു. കൊയിലാണ്ടിഎടവണ്ണ സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ  തുടങ്ങിയ സംഘര്‍ഷം വൈകീട്ട് 5 മണിയോടെയാണ് അവസാനിച്ചത്. മുക്കംഅരീക്കോട് റോഡില്‍ 10 കിലോമീറ്റര്‍ പരിധിയില്‍ പലയിടത്തായി പോലിസും ജനക്കൂട്ടവും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ  നേതൃത്വത്തില്‍ ഇരുപതോളം വാഹനങ്ങളിലായി മുന്നൂറോളം പോലിസുകാരും സ്ഥലത്തെത്തിയിരുന്നു. കെപിടിഎല്‍ സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
അതേസമയം, സമരക്കാര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എസ്ഡിപിഐയും യുഡിഎഫും  പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമാണ്.
Next Story

RELATED STORIES

Share it