Flash News

ഗെയില്‍ : സമരം അട്ടിമറിക്കാന്‍ ഇടതുഭരണവും മാധ്യമപ്രവര്‍ത്തക ടൂറും



ടി പി ജലാല്‍

മലപ്പുറം: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യക്ക് അനുകൂലമായ  കര്‍ശന നീക്കത്തിന് ഇടതുഭരണവും മാധ്യമ പിന്തുണയും   ഉപയോഗപ്പെടുത്തുന്നു. ഈ പിന്‍ബലത്തിലാണു  മാസങ്ങളായി ഗെയില്‍ അധികൃതര്‍ സമരക്കാര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുന്നത്. ഇതിന്റെ പ്രതിഫലനങ്ങളാണു സര്‍ക്കാര്‍ പോലിസിനെ കാര്യമായി ഉപയോഗപ്പെടുത്തുന്നതു മലപ്പുറം ജില്ലയിലെ മരവട്ടത്തും മുക്കത്തിനടുത്ത എരഞ്ഞിമാവിലും കണ്ടത്. ജനകീയ സമരം മൂലം പദ്ധതി നടപ്പാക്കാന്‍ പ്രധാനമായും പ്രയാസം നേരിട്ടിരുന്നതു മലപ്പുറം ജില്ലയിലായിരുന്നു. ഇതിനു മാധ്യമങ്ങളുടെ പിന്തുണ തേടുകയാണ് ഗെയില്‍ ആദ്യം ചെയ്തത്. ഒരു മാധ്യമപ്രവര്‍ത്തകനെ  ഇതിനായി കണ്ടെത്തി. ഇദ്ദേഹം  മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഡല്‍ഹി യാത്ര സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങി.യാത്രയിലുടനീളം ഗെയിലിന്റെ വിജയിച്ച പദ്ധതികള്‍ മാത്രം കാണിച്ചു. പൊട്ടിത്തെറിയുണ്ടായ സ്ഥലങ്ങള്‍ ഇവരെ കാണിച്ചില്ല. ഈ രീതിയില്‍ മാധ്യമ പിന്തുണ നേടാനുള്ള ശ്രമം ഒരു പരിധിവരെ വിജയിച്ചു. രണ്ടോ, മൂന്നോ മാധ്യമങ്ങള്‍ ഒഴികെ ആരും പദ്ധതിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് പിന്നീട് എഴുതിയില്ല. ഇതാണു ഗെയിലിന് പ്രധാനമായും ലഭിച്ച പിടിവള്ളി. ഇടതു ഭരണത്തിന്റെ വരവ് കൂടുതല്‍ കരുത്തായി. യുഡിഎഫ് ഭരണ സമയത്തു മൗനത്തിലായിരുന്ന സിപിഎം നേതൃത്വം ഭരണത്തിലേറിയതോടെ ദേശീയപാതാ വികസനവും ഗെയിലും എന്തു വില കൊടുത്തും നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തി.  സമരത്തിനു പിന്നില്‍ പ്രധാനമായും എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയുമായിരുന്നു. അതുകൊണ്ടു തന്നെ സമരത്തെ  ഇടതോ, വലതോ തുടക്കത്തില്‍ പിന്തുണച്ചില്ല. എന്നാല്‍ ഭരണം മാറിയതോടെ യുഡിഎഫ് പതിയെ രംഗത്തെത്തി.  സിപിഎം തുടക്കത്തില്‍ കാഴ്ചക്കാരനായിരുന്നുവെങ്കിലും   പിന്നീട് സമരത്തെ നിര്‍വീര്യമാക്കുന്ന രീതിയാണു സ്വീകരിച്ചത്. ഇതു മലപ്പുറത്തു പയറ്റാന്‍ നോക്കിയെങ്കിലും സമരത്തിന്റെ ജനകീയ സ്വഭാവം കണ്ടതോടെ പിന്‍വാങ്ങി. ഇത് പിന്നീട് കണ്ണൂരില്‍ പരീക്ഷിക്കുകയായിരുന്നുവെന്നു ഗെയില്‍ വിക്ടിംസ് ഫോറം  പറഞ്ഞു.പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞാണത്രേ സമരക്കാരെ തണുപ്പിച്ചത്.   സമരത്തിലുള്ളവരെ തീവ്രവാദികളെന്നു പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗം  മുദ്ര കുത്തിയിരുന്നു. കഴിഞ്ഞ ഇടതു ഭരണത്തില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട കോഴിക്കോട്ടെ ഒരുകമ്പനിക്കും ഗെയില്‍ വാതകത്തിന്റെ  ഉപയോഗം ലഭിക്കും. ഇതും സിപിഎമ്മിന്റെ  ഇടപെടലിന് ആക്കംകൂട്ടിയിട്ടുണ്ട്.  2007ലെ ഇടതു സര്‍ക്കാരാണു ഗെയില്‍, കെഎസ്‌ഐഡിസി കരാര്‍ ഒപ്പു വച്ചത്.
Next Story

RELATED STORIES

Share it