ഗെയില്‍ വാതക പൈപ്പ് ലൈന്‍; സര്‍വേ നടപടികള്‍ നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം

പാലക്കാട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ നടപടികള്‍ നാട്ടുകാരെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ നടത്താനാവൂയെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് മുഹമ്മദ് ഗെയില്‍ അധികൃതരോട് നിര്‍ദേശിച്ചു. മലമ്പുഴയില്‍ സര്‍വേ നടപടികളുടെ ഭാഗമായുള്ള പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സബ് കലക്ടറുടെ നേതൃത്വത്തില്‍ മലമ്പുഴയില്‍ ഇന്നലെ നടന്ന യോഗത്തിലാണ് തീരുമാനം.
ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞത്. പന്നിമട, കുന്നുപ്പുള്ളി, ആരക്കോട് പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ സംഘം പരിശോധന നടത്തിയത്. തുടര്‍ന്ന് എസ്എന്‍ നഗറില്‍ എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. മുന്നറിയിപ്പില്ലാതെയും ജനങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെയുമാണ് സംഘം നടപടികള്‍ പൂര്‍ത്തിയാക്കാനൊരുങ്ങിയതെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആരോപിച്ചു.
പോലിസ് ഉദ്യോഗസ്ഥരും ഗെയില്‍ അധികൃതര്‍ക്കൊപ്പമുണ്ടായിരുന്നു. ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കരുതെന്ന് നേരത്തേ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്ന് സംഘം പരിശോധനാ നടപടികളുമായി മുന്നോട്ടുപോയെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇതോടെ നടപടികള്‍ നിര്‍ത്തിവച്ചു. പിന്നീട് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സബ് കലക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരുകയായിരുന്നു. പരിശോധന സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിയെയും നാട്ടുകാരെയും അറിയിക്കണമെന്നും റവന്യൂ അധികൃതരുടെ സാന്നിധ്യത്തിലേ പരിശോധന നടത്താവൂ എന്നും സബ് കലക്ടര്‍ ഗെയില്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇന്നുമുതല്‍ വീണ്ടും പരിശോധന ആരംഭിക്കാന്‍ ധാരണയായി.
സബ് കലക്ടറെ കൂടാതെ തഹസില്‍ദാര്‍ പി ജയരാജന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍, ഗെയില്‍ പ്രതിനിധികള്‍, നാട്ടുകാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it