kozhikode local

ഗെയില്‍ വാതക പൈപ്പ് ലൈന്‍: കര്‍മസമിതിയില്‍ നിന്ന് സിപിഎം പിന്നോട്ട്

മുക്കം: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപെട്ട് ആശങ്ക ഒഴിയാതെ മലയോര ജനത.
പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയാണ് മലയോര ജനതയുടെ ആശങ്കക്ക് കാരണം. അതിനിടെ, പദ്ധതിക്കെതിരെ ആദ്യം രംഗത്ത് വരികയും കര്‍മ സമിതിയുണ്ടാക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ ഏറെ പിന്നോക്കം പോയിരിക്കുകയാണ്.
പദ്ധതിക്കെതിരെ സംസ്ഥാനത്ത് തന്നെ ആദ്യമായി ജനങ്ങളെ സംഘടിപ്പിച്ച് കര്‍മസമിതിയുണ്ടാക്കിയത് മലയോര മേഖലയിലായിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് സിപിഎം ആയിരുന്നു. സംസ്ഥാനസര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമായത് പ്രാദേശിക സിപിഎം നേതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൊച്ചി മുതല്‍ കാസര്‍ഗോഡ് വരെ 7 ജില്ലകളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോവുന്നത്. പൈപ്പ്‌ലൈന്‍ കടന്ന് പോവുമ്പോള്‍ പ്രദേശത്ത് കൃഷി ചെയ്യാന്‍ കഴിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
കോഴിക്കോട് ജില്ലയില്‍ താമരശേരി, ഓമശേരി, മുക്കം, കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്ത് വഴി മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലേക്കാണ് ലൈന്‍ പ്രവേശിക്കുന്നത്. ഈ പ്രദേശങ്ങളില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ ജനങ്ങള്‍ നേരിടുകയും സൈറ്റ് ഓഫീസ് പോലും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എതിര്‍പ്പ് ശക്തമായതോടെ പൈപ്പ് ലൈന്‍ കടന്നു പോവുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്ഥലം ഉടമക്ക് തന്നെയാണന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞിരുന്നു. അതിനിടെ, കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കെതിരെ ഇടതുമുന്നണി ഭരിക്കുന്ന കൊടിയത്തൂര്‍, കാരശേരി പഞ്ചായത്തുകള്‍ പ്രമേയം പാസാക്കിയിരുന്നു.
ഈ രണ്ട് പഞ്ചായത്തുകളിലൂടെയും പൈപ്പ് ലൈന്‍ കടന്നു പോവാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭരണ സമിതി പ്രമേയം. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുകയും ഇടതുസര്‍ക്കാര്‍ പദ്ധതിക്കായി രംഗത്ത് വരികയും ചെയ്ത സാഹചര്യത്തില്‍ ഈ പ്രമേയത്തിന്റെ അവസ്ഥയെന്താവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൊച്ചി പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് പ്രകൃതി വാതകം വിതരണം ചെയ്യുന്നതാണ് പദ്ധതി. 1500 കോടിയുടെ പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
Next Story

RELATED STORIES

Share it