ഗെയില്‍ വാതക പൈപ്പ്‌ലൈന്‍; സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതികള്‍ക്കായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നതായി ഗെയില്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രകൃതി വാതകങ്ങളുടെ സുരക്ഷയെയും പദ്ധതിയുടെ സാധ്യതയെയും കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയതോടെ പദ്ധതിക്കു പിന്തുണയേറി. ഓഹരി ഉടമകളുടെ ഉറച്ച പിന്തുണ ലഭിക്കന്നതുകൊണ്ടുതന്നെ കോഴിക്കോട്ടും മലപ്പുറത്തും സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഗെയില്‍ ഇന്ത്യാ കോര്‍പറേറ്റഡ് കമ്യൂണിക്കേഷന്‍ ഭാരവാഹി ജ്യോതികുമാര്‍ അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടം എറണാകുളം ജില്ലയിലെ അമ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ കമ്മിഷന്‍ ചെയ്യാന്‍ സാധിച്ചതായും 13 ഉപഭോക്താക്കള്‍ ഇപ്പോള്‍ ഗെയില്‍ പ്രകൃതി വാതകം ഉപയോഗിക്കുന്നതായും ജ്യോതികുമാര്‍ പറഞ്ഞു.
ഇതിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 2012ല്‍ കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് വാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് തുടക്കംകുറിച്ചതെങ്കിലും ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ ജനങ്ങളുമായി വലിയ എതിര്‍പ്പുണ്ടായതോടെ പദ്ധതി തടസ്സപ്പെട്ടിരുന്നു.
എന്നാല്‍, ഏറെനാളത്തെ ചര്‍ച്ചകള്‍ക്കും ബോധവല്‍ക്കരണത്തിനും ശേഷം 2015ല്‍ പുനര്‍പ്രവര്‍ത്തനം തുടങ്ങിയതോടെ ഇതുമായി വളരെ എളുപ്പം മുന്നോട്ടുപോവാന്‍ കഴിഞ്ഞതായും ബന്ധപ്പെട്ടവര്‍ ചുണ്ടിക്കാട്ടി. സംസ്ഥാനത്ത് 505 കിലോമീറ്ററിലാണ് വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നത്. എറാണാകുളത്തെ ബാക്കിയുള്ള ഭാഗങ്ങളിലും തൃശൂരിലും ഇതിനായുള്ള ഭൂമിയേറ്റെടുക്കല്‍ ഇപ്പോള്‍തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്‍ പി ശക്കീര്‍, കെ വെങ്കിടേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it