kozhikode local

ഗെയില്‍: രേഖകള്‍ നല്‍കാതെ അതിക്രമം; ഭീതി ഒഴിയാതെ ഇരകള്‍

താമരശ്ശേരി: വ്യാപക പ്രതിഷേധത്തിനിടയിലും ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ദ്രുതഗതിയില്‍. താമരശ്ശേരി പഞ്ചായത്തിലെ ചെമ്പ്ര, വിളയാറച്ചാലില്‍, ഈന്തുംകണ്ടി, ഓടക്കുന്ന് ഭാഗത്താണ് പ്രവര്‍ത്തികള്‍ ദ്രുത ഗതിയില്‍ മുന്നേറുന്നത്. 10 സെന്റിനു താഴെയുള്ളവര്‍ക്കടക്കം യാതൊരു രേഖകളും നല്‍കാതെയും അതിക്രമിച്ചുമാണ് പലരുടെയും ഭൂമിയില്‍ അധികൃതര്‍ പ്രവേശിക്കുന്നതെന്ന ആരോപണം ശക്തം.
ഗെയിലിലെ ഉദ്യോഗസ്ഥന്മാരില്‍ നിന്നും മലയാളി ഉദ്യോഗസ്ഥരെ ബോധപൂര്‍വ്വം ഇത്തരം പ്രദേശങ്ങളിലേക്ക് അയക്കാതെ അധികൃതര്‍ തന്ത്രപരമായ നീക്കം നടത്തുന്നതായും ഇരകള്‍ ആരോപിക്കുന്നു. സാധാരണക്കാരായ ഭൂ ഉടമകളുടെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയും മറാഠിയും മാത്രം സംസാരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാവാതെ നാട്ടുകാരെ അകറ്റുന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. ചെമ്പ്ര, വിളയാറച്ചാലില്‍, ഈന്തുംകണ്ടി, ഓടക്കുന്ന് ഭാഗത്ത് വാതകപൈപ്പ്‌ലൈന്‍സ്ഥാപിക്കാനെത്തിയ അധികൃതരെ നാട്ടുകാര്‍ വ്യാഴാഴ്ച തടഞ്ഞിരുന്നു.
നിയമപരമായി നല്‍കേണ്ട നോട്ടീസുകളോ മറ്റ് രേഖകളോ നല്‍കാതെ പത്തും ഇരുപതും സെന്റ്ഭൂമിയില്‍ താമസിക്കുന്നവരുടെ വീടുകള്‍ക്കും കുടിവെള്ളക്കിണറുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും തണ്ണീര്‍ തടങ്ങള്‍ക്കും ഭീഷണിയാവുന്ന തരത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് ഇടിച്ചു നിരത്തുന്നത്. ചെമ്പ്രയിലെ കുന്നുംപ്രദേശമായ പറൂക്കാക്കില്‍ മലയും പാലക്കുന്നും ആകെ ഇടിച്ചു നിരത്തിയ നിലയിലാണ്. നടവഴികള്‍പോലും ബദല്‍ സംവിധാനമൊരുക്കാതെയും മുന്നറിയിപ്പില്ലാതെയും ഇടിച്ചുനിരത്തിയതും നാട്ടുകാരെ പ്രകോപിപ്പിച്ചു. പാലക്കുന്നുമ്മല്‍ പ്രദേശത്തേക്കുള്ള നടവഴികളെല്ലാംതന്നെ തകര്‍ത്തനിലയിലാണ്.നൂറുകണക്കിന് തെങ്ങുകളും കമുങ്ങുകളും വന്‍മരങ്ങളും വെട്ടി നശിപ്പിച്ച നിലയിലാണ്.
ചെമ്പ്ര കല്ലടപ്പൊയില്‍ സെയ്ദ് മുഹമ്മദിന്റെ വയലും കൃഷിയിടവുമടക്കം രണ്ടരയേക്കറോളം കൃഷി ഭൂമിയാണ് ഇടിച്ചു നിരത്തിയത്. പൈപ്പ് സ്ഥാപിക്കുന്നതോടെ പാലക്കുന്നുമ്മല്‍ വേലായുധന്റെ കിണര്‍ ഇടിയാന്‍ സാധ്യതയേറെയാണ്. വി.സി ഷാജിയുടെ 10 സെന്റ് സ്ഥലത്തുള്ള വീടിനും ശൗചാലയത്തിനും നടുവിലൂടെയാണ് പൈപ്പിടുന്നതിന് ഇടിച്ചു നിരത്തിയത്.തനിയലത്ത് അബ്ദുള്ളക്കുട്ടിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്നാണ് പൈപ്പ ലൈനിനു കുഴിതോണ്ടുന്നത്.
ഇത് ഈ വീടിന്റെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് കുടുംബം.വിളയാറച്ചാലില്‍ രാജേന്ദ്രന്റെ തണ്ണീര്‍തടവും കൃഷിയുള്ള വയലും  നികത്തിയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇരകളുടെ സംശയങ്ങള്‍ക്കുപോലും ആധികാരികമായ ഒരു മറുപടി നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ല.
Next Story

RELATED STORIES

Share it