thrissur local

ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് പരാതി

മാള: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് പരാതി. പുത്തന്‍ചിറ-വെള്ളൂര്‍ റോഡില്‍ റോഡ് തുരന്ന് പൈപ്പുകള്‍ സ്ഥാപിക്കുന്നിടത്താണ് സുരക്ഷയില്ലാതെയുള്ള നിര്‍മ്മാണം നടത്തി പാതിവഴിയില്‍ നിര്‍ത്തിയത്.
പുത്തന്‍ചിറ പഞ്ചായത്ത് വെള്ളൂര്‍ കുപ്പം ബസാറില്‍ റോഡിന് കുറുകെയാണ് ഗ്യാസ് പൈപ്പുകള്‍ കടന്നുപോകുന്നത്. റോഡിനടി തുരന്നാണ് പൈപ്പിടല്‍ നടത്തിയത്. വീതി കുറഞ്ഞ റോഡിനടിയിലൂടെ തുരങ്കം തീര്‍ക്കുന്നിടത്ത് കോണ്‍ക്രീറ്റിടാതെയാണ് നിര്‍മ്മാണം നടത്തിയത്. 14 അടി താഴ്ചയില്‍ നടത്തിയ പൈപ്പിടല്‍ റോഡ് തകര്‍ച്ചക്ക് കാരണമാവുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇതിനു സമീപം സ്വകാര്യ വ്യക്തികളായ മടത്തിപറമ്പില്‍ ഷാജി എന്നയാളുടെ 27 സെന്റ് ഭൂമിയുടെ ഒരറ്റം മുതല്‍ മറുഭാഗംവരെയുള്ളിടത്ത് നടുഭാഗത്തായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഭീമന്‍ കുഴി തീര്‍ത്താണ് പൈപ്പിടുന്നത്. ഷാജി വിദേശത്താണുള്ളത്. ഇതിന് അനുമതി വാങ്ങിയതായാണ് ഗെയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വീടുവച്ച് താമസിക്കുന്ന സഹോദരന്‍ ശിവദാസന്‍ അക്കാര്യം നിഷേധിച്ചു.
റോഡിന് സംരക്ഷണഭിത്തി നിര്‍മ്മിച്ച് മതിയായ സുരക്ഷയൊരുക്കണമെന്നാവശ്യം തള്ളികളഞ്ഞാണ് അധികൃതര്‍ നിര്‍മ്മാണം നടത്തുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഗ്യാസ് പൈപ്പ് ലൈനില്‍ നിന്നും വീട്ടുകള്‍ക്ക് അഞ്ഞൂറ് മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിയമം.
എന്നാല്‍ ഇവിടെ വീടുകളുടെ അഞ്ച് മീറ്റര്‍ സമീപമാണ് പൈപ്പിടല്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടക്കുന്ന നിര്‍മ്മാണത്തിന് തടയിടാന്‍ അധികൃതര്‍ തയാറായിട്ടില്ല. നിരവധി വീട്ടുകാര്‍ സമീപത്ത് താമസമുണ്ട്. ഭൂമിക്കടിയില്‍ തുരങ്കം നിര്‍മ്മാണം നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കാതെ നടത്തുന്നവ നിര്‍ത്തിവെയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യമുണ്ട്.
ഇങ്ങനെ പൈപ്പിടല്‍ നടത്തുമ്പോള്‍ ഭൂമി ചലിക്കുന്നതോടെ സമീപത്തെ വീടുകള്‍ തകര്‍ന്ന് വീഴാന്‍ സാധ്യത ഏറെയാണ്. നിര്‍മ്മാണം കോണ്‍ക്രീറ്റ് തുരങ്കം തീര്‍ത്ത് അതുവഴിയാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് കൊച്ചിയില്‍ നിന്ന് കാസര്‍കോഡ് വരെ നീളുന്ന ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ എറണാകുളം ജില്ലയില്‍ നിന്നും തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നത് പൊയ്യ, പുത്തന്‍ചിറ പഞ്ചായത്തുകള്‍ വഴിയാണ്.
Next Story

RELATED STORIES

Share it