thrissur local

ഗെയില്‍ പൈപ്പ് ലൈന്‍ : പുത്തന്‍ ചിറക്കല്‍ കൃഷിയ്ക്ക് തടസ്സമാവുന്നു



മാള: പാടശേഖരത്തിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ വലിക്കാനായി കൊണ്ടു വന്നിട്ട വലിയ പൈപ്പുകള്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ തടസ്സമാകുന്നതായി പരാതി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ വില്ല്വമംഗലം പാടശേഖരത്തിലാണ് കര്‍ഷകര്‍ക്ക് കൃഷിയിറക്കാനാകാത്ത അവസ്ഥയില്‍ പൈപ്പുകള്‍ തടസ്സമാകുന്നത്. പൈപ്പുകള്‍ പാടശേഖരത്തിലെത്തിച്ചിട്ട് വര്‍ഷങ്ങളേറെയായി. തര്‍ക്കങ്ങളും തടസ്സവാദങ്ങളുമായി ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ നിശ്ചലമായപ്പോള്‍ കര്‍ഷകയുടെ സ്വപ്‌നങ്ങള്‍ക്കാണ് കരിനിഴല്‍ വീഴുന്നത്. അതേസമയം ഗെയില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചതിന് മുകളില്‍ കൃഷിയിറക്കിലുണ്ടാകുന്ന നാശനഷ്ടത്തിന് ഗെയില്‍ അധികൃതര്‍ ഉത്തരവാദികളായിക്കില്ലെന്ന നിര്‍ദ്ദേശവും ഇവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഗെയില്‍ പൈപ്പുകള്‍ കൂടാതെ പാടശേഖരത്തിലൂടെ കടന്നുപോകുന്ന കെ എസ് ഇ ബി യുടെ ഉപയോഗ ശൂന്യമായ 11 കെ വി ലൈന്‍ കര്‍ഷകര്‍ക്ക് പേടി സ്വപ്‌നമായി മാറുകയുമാണ്. വര്‍ഷങ്ങളായി താഴ്ന്നുകൊണ്ടിരിക്കുന്ന വൈദ്യുതി ലൈന്‍ അഴിച്ചു മാറ്റണമെന്ന കര്‍ഷകരുടെ മുറവിളിക്ക് ഉത്തരം നല്‍കാന്‍ കെ എസ് ഇ ബി തയ്യാറാകാത്തതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. ഈ രണ്ട് പ്രശ്‌നങ്ങള്‍ നിമിത്തം കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍ വിലപിക്കുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന നിലപാടിലാണ്. അടുത്ത കൃഷി ഇറക്കുന്നതിന് മുന്‍പായി ഗെയില്‍ പൈപ്പുകള്‍ താഴ്ത്തിയിടണമെന്നും ഉപയോഗശൂന്യമായ വൈദ്യുതി ലൈന്‍ അഴിച്ചു മാറ്റണമെന്നും വില്ല്വമംഗലം പാടശേഖര നെല്ലുല്‍പ്പാദക സമൂഹം വാര്‍ഷീക പൊതുയോഗം ആവശ്യപ്പെട്ടു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി സുജിത് ലാല്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സമൂഹം പ്രസിഡന്റ് പി സി ബാബു അദ്ധ്യക്ഷത വഹിച്ചു. ടി എന്‍ വേണു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി എസ് സുബീഷ്, കൃഷി ഓഫീസര്‍ കെ യു രാധിക, വാര്‍ഡംഗം സംഗീത അനീഷ് സംസാരിച്ചു. ഭാരവാഹികളായി പി സി ബാബു (പ്രസിഡന്റ് ), ടി എന്‍ വേണു (സെക്രട്ടറി), പി എസ് ലോഹിതാക്ഷന്‍ (ഖജാഞ്ചി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it