malappuram local

ഗെയില്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരം : മരവട്ടത്ത് വീണ്ടും പോലിസ് ലാത്തിവീശി;നിരവധി പേര്‍ക്കു പരിക്ക്



പുത്തനത്താണി: കാടാമ്പുഴ മരവട്ടത്ത് ഗെയില്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരത്തിനെതിരേ വീണ്ടും പോലിസ് അതിക്രമം. സമരക്കാര്‍ക്കു നേരെ പോലിസ് ലാത്തി വീശുകയും കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിക്കുകയും ചെയ്തു. പോലിസ് അതിക്രമത്തില്‍ ജനപ്രതിനിധികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി മധുസൂദനന്‍, മാറാക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി സുരേന്ദ്രന്‍, സമര മിതി അംഗം കെ പി സൈതുട്ടി, കെ സി ഷിഹാബ്, ഇ ജുനൈദ്, സലീം എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കു പറ്റിയത്. ഇന്നലെ രാവിലെ തന്നെ തിരൂര്‍ ഡിവൈഎസ്പി ഉല്ലാസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സന്നാഹവുമായാണ് ഗെയില്‍ അധികൃതര്‍ മരവട്ടത്ത് പ്രവൃത്തികള്‍ക്കായി എത്തിയത്. രാവിലെ തന്നെ ബാരിക്കേഡുകള്‍ വച്ച് പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്കുള്ള പ്രവേശനം പോലിസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാരും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയിലാണ് ഉച്ചയ്ക്ക് യൂത്ത്‌ലീഗിന്റെ ഗെയില്‍ വിരുദ്ധ സമരജാഥ ഇവിടെ എത്തിയത്. ജാഥ പോലിസ് തടയുകയും പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ പോലിസ് ലാത്തി വീശുകയും കണ്ണീര്‍വാതക ഷെല്‍ പ്രയോഗിക്കുകയുമായിരുന്നു. ചിതറിയോടിയ സമരക്കാരില്‍നിന്ന് നേതാക്കളെ വളഞ്ഞിട്ട് പോലിസ് അക്രമിക്കുകയായിരുന്നു. ഈ അതിക്രമത്തിലാണ് എല്ലാവര്‍ക്കും പരിക്കേറ്റത്. ഡിജിപിയോ മുഖ്യമന്ത്രിയോ പറയാതെ പ്രവൃത്തിയില്‍ നിന്നു പിന്‍മാറുകയില്ലന്നാണ് പോലിസിന്റെ നിലപാട്. പോലിസ് അതിക്രമത്തിനിടയിലും ഗെയില്‍ പ്രതിനിധികള്‍ ഇന്നലെ പ്രദേശത്ത് പ്രവൃത്തികള്‍ നടത്തി. നേരത്തെ മാര്‍ക്ക് ചെയ്ത സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കുന്ന പ്രവൃത്തിയാണ് നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ചയും ഇവിടെ പോലിസും സമരക്കാരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.
Next Story

RELATED STORIES

Share it