malappuram local

ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി : സിപിഎം പ്രതിരോധത്തില്‍



മലപ്പുറം: മലപ്പുറം ജില്ലയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ഗെയില്‍ പൈപ് ലൈനിനെതിരേ സമരം നടത്തുന്നവരെ അനുനയിപ്പിക്കാനാവാതെ സിപിഎം പ്രതിരോധത്തിലായി. സിപിഎം പ്രവര്‍ത്തകരടക്കം സമരം നടത്തുന്നവരിലുണ്ട്. എന്നാല്‍, ഇവര്‍ക്ക് മറുപടി പറയാനാവാതെ കുഴയുകയാണ് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം. പ്രത്യക്ഷത്തില്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ സമര സമിതിക്ക് കാര്യമായ പിന്തുണ നല്‍കുന്നുണ്ട്. സമരം ശക്തിയാര്‍ജിക്കുന്നതിനിടെ പ്രമുഖ നേതാക്കളൊന്നും പ്രസ്താവനയുമായി രംഗത്ത് വന്നിട്ടില്ല. ഇതിനിടെയാണ് മന്ത്രി കെ ടി ജലീല്‍ അപ്രതീക്ഷിതമായി ഗെയിലിനെ പിന്തുണച്ച് രംഗത്ത് വന്നത്. പള്ളിക്ക് മുകളിലൂടെ വിമാനം പറക്കണമെങ്കില്‍ പള്ളിക്കമ്മിറ്റിയുടെ അനുവാദം വേണോയെന്ന വാക്കുകളാണ് ജില്ലയിലെ ഇരകളുടെ മനസ്സിനെ മുറിവേല്‍പിച്ചിരിക്കുന്നത്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ്. പരിസരത്തെ പള്ളിക്കമ്മിറ്റിയുടെ അനുവാദം കിട്ടാത്തതിനാല്‍ കരിപ്പൂരില്‍ ഇന്ന് വിമാനം പുറപ്പെടുന്നത് വൈകുമെന്നാണ് ഒരു വാട്‌സ്ആപ്പ് സന്ദേശം. തന്റെ വീടിന് മുകളിലൂടെ പോവുന്ന ഹെലികോപ്റ്റര്‍ വടി ഉപയോഗിച്ച് കുത്തിവീഴ്ത്തി നിമിഷങ്ങള്‍ക്കകം തീപിടിക്കുന്ന വീഡിയോ ആണ് മറ്റൊരു പോസ്റ്റ്. മുമ്പ് കെ ടി ജലീല്‍ ദേശീയ പാതയ്‌ക്കെതിരേ സംസാരിച്ചതുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളും വ്യാപകമായിട്ടുണ്ട്. ജില്ലയിലെ ഗെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് എ വിജയരാഘവന്‍ പറഞ്ഞിരുന്നു. ഇതിനെതിരേ, ഡിവൈഎഫ്‌ഐ ഗെയിലിനെതിരേ നടത്തിയ മാര്‍ച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. അന്ന് പങ്കെടുത്ത ഡിഐഎഫ്‌ഐക്കാരാണ് യഥാര്‍ഥ തീവ്രവാദികളെന്നാണ് ആളുകളുടെ പ്രതികരണം. ഇതിനൊന്നും തന്നെ സിപിഎം കാര്യമായി പ്രതികരിച്ചിട്ടില്ല. ഇതിനിടയിലാണ് ജില്ലയിലെ തന്നെ മന്ത്രിയുടെ പ്രസ്താവന.
Next Story

RELATED STORIES

Share it