malappuram local

ഗെയില്‍ പൈപ്പ്‌ലൈന്‍: തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ മലപ്പുറം നഗരസഭ

മലപ്പുറം: ഗെയില്‍ പൈപ്പ്‌ലൈന്‍ വിഷയത്തില്‍ മലപ്പുറം നഗരസഭ കൃത്യമായ നിലപാടെടുക്കാനാവാതെ കുഴങ്ങുന്നു. ജനവാസകേന്ദ്രങ്ങളിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം വിയോജിപ്പ് രേഖപ്പെടുത്തി.
നഗരസഭാ പരിധിയിലെ 48,658 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ തുടങ്ങുമെന്ന് കാണിച്ച് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് നഗരസഭയ്ക്ക് നല്‍കിയ കത്ത് പരിഗണിക്കവേയാണ് കൗണ്‍സില്‍ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. സ്ഥലമുടമയോട് അനുമതി പോലും തേടാതെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഭരണപക്ഷം അഭിപ്രായപ്പെട്ടത്. അതേസമയം, കൗണ്‍സില്‍ നിലപാട് നാടകമാണെന്നാണ് ആരോപണം. മൂന്ന് മാസം മുമ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന നഗരസഭ പിന്നീട് കാര്യമായ ഇടപെടലൊന്നും നടത്തിയിരുന്നില്ല. പ്രവൃത്തി നിര്‍ത്തിവയ്പിക്കാനുള്ള യാതൊരു ഇടപെടലുകളും നടന്നിട്ടില്ല. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് തടയാനോ പ്രവൃത്തി നിര്‍ത്തിവയ്പിക്കാനോ നഗരസഭയ്ക്ക് അധികാരമില്ലെന്ന് പറഞ്ഞാണ് സെക്രട്ടറി  കൈയൊഴിഞ്ഞത്. നഗരസഭാ പരിധിയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടും ഇടപെടാത്തതാണ് നാടകമാണെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നത്. പൂക്കോട്ടൂര്‍ ഭാഗത്തും പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ തുടരുകയാണ്. സമരരംഗത്ത് യുഡിഎഫ് ഉണ്ടെങ്കിലും മുസ്‌ലിംലീഗിലെ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് പൂക്കോട്ടൂരില്‍ പ്രതിഷേധിച്ചത്.
സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയെന്നാണ് പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍, പിരിഞ്ഞുപോവാന്‍ പറഞ്ഞതോടെ സമരക്കാര്‍ പിരിയുകയായിരുന്നുവെന്നാണ് സിഐ പറഞ്ഞത്. മികച്ച പ്രസ്താവനയിറക്കുകയും എന്നാല്‍ പേരിന് സമരത്തിനിറങ്ങുകയും മാത്രമാണ് ഇവര്‍ ചെയ്യുന്നത്.
അതേസമയം, നഷ്ടപരിഹാരം നല്‍കി പദ്ധതി നടപ്പാക്കാമെന്ന നിലപാടിലാണ് സമരത്തിന് പിന്തുണ നല്‍കാത്ത പ്രതിപക്ഷം. എന്നാല്‍, ജലാശയങ്ങളിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് രംഗത്തുണ്ട്. കോഡൂര്‍ പഞ്ചായത്തില്‍ നിന്നു പൈപ്പ്‌ലൈന്‍ നഗരസഭാ പരിധിയിലെത്താന്‍ കടലുണ്ടിപ്പുഴയിലെ തടയണകള്‍ പൊളിച്ചു നീക്കേണ്ടിവരും. അലൈന്‍മെന്റ് പ്രകാരം വലിയതോടിലൂടെയും പൈപ്പ്‌ലൈന്‍ കടന്നുപോവുന്നുണ്ട്.
ഇതിന് ഗെയില്‍ അധികൃതര്‍ കലക്ടറുടെ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍, ജലക്ഷാമം രൂക്ഷമായ സമയത്ത് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന രൂപത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും ഇതിനെ പ്രതിരോധിക്കുമെന്നുമാണ് ഇന്നലെ എടുത്ത കാര്യമായ തീരുമാനം. ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it