malappuram local

ഗെയില്‍ പദ്ധതി : വാതക പൈപ്പ് ലൈനിന്റെ മറവില്‍ കുളവും പാടവും നികത്തുന്നു



ചങ്ങരംകുളം: ജില്ലാ അതിര്‍ത്തിയോട് സമാന്തരമായി കടന്നു പോകുന്ന പാടശേഖരത്തില്‍ ഗെയില്‍ പൈപ്പ് ലൈന്‍ ജോലി പുരോഗമിക്കുന്നതിനിടെ സ്വകാര്യ വ്യക്തികള്‍ കുളം നിര്‍മിച്ചു  കിട്ടിയ മണ്ണുകൊണ്ട് പാടം നികത്തുന്നതായി പരാതി. എറണാംകുളത്തു നിന്നും മംഗലാപുരത്തേക്ക് പോകുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭൂഗര്‍ഭ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിന്റെ മറവിലാണ് സ്വകാര്യ വ്യക്തികള്‍ വയലും, കുളവും നികത്തുന്നത്. വിവിധ ഇടങ്ങളില്‍ പത്തു സെന്റോളം സ്ഥലത്താണ് കുളം നിര്‍മിച്ചിട്ടുള്ളത്. കുളത്തില്‍ വെള്ളവുമുണ്ട്. ഇവിടെനിന്ന് എടുത്ത മണ്ണ് തൊട്ടടുത്ത് പാടം നികത്താന്‍ ഉപയോഗിച്ചതായും കണ്ടെത്തി. ഗെയില്‍ പദ്ധതിയുടെ മറവില്‍ കോക്കൂര്‍ മുക്കൂട്ട, കൊള്ളഞ്ചേരി പാടം, ചാലിശ്ശേരി, വട്ടമാവ് എന്നിവിടങ്ങളില്‍ കുളം കുത്തുന്നതും പാടം തൂര്‍ക്കുന്നതും അനധികൃതമാണെന്നു സൂചന കിട്ടിയതോടെ കര്‍ഷകര്‍ സ്ഥലം ഉടമകളോടു കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ വാതക പൈപ്പ് ലൈനിന്റെ പ്രധാന വാല്‍വുകളിലൊന്ന് ഈ മേഖലയില്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിട നിര്‍മാണത്തിന്റെ ജോലിയാണെന്നാണു ഉടമകള്‍ അറിയിച്ചത്. ഇക്കാര്യം കര്‍ഷകര്‍ ഗെയ്ല്‍ അധികൃതരുമായി സംസാരിച്ചു. വാല്‍വോ മറ്റു നിയന്ത്രണ സംവിധാനത്തിനുള്ള മുറികളോ നിര്‍ദിഷ്ട സ്ഥലത്ത് ഇല്ലെന്നു പൈപ്പ് ലൈന്‍ അധികൃതര്‍ അറിയിച്ചതായി കര്‍ഷകര്‍ പറയുന്നു. ഇത്തരത്തില്‍ വാല്‍വ് കണ്‍ട്രോള്‍ റൂം തൃത്താലക്കടുത്ത് കരിമ്പയിലാണെന്നും അതികൃതര്‍ പറയുന്നുണ്ട്. നേരത്തെ ഗെയില്‍ പദ്ധതി ജില്ലാ അതിര്‍ത്തിക്ക് സമാന്തരമായി വീടുകളുടെ പുറകുവശത്ത് കൂടി പോകുന്നതില്‍ സമീപ വാസികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് സംരക്ഷണത്തില്‍ വീണ്ടും പൈപ്പ് ലൈന്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ മറവില്‍ നടത്തിയ അനധികൃത പാടം നികത്തലിനെതിരെ കര്‍ഷകര്‍ പഞ്ചായത്തിനും കൃഷിഭവനും പരാതി നല്‍കിട്ടുണ്ട്. പലയിടങ്ങളിലും വയല്‍ നികത്തി പറമ്പാക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട്. വയല്‍ നികത്തലിനെതിരെ നടപടിയെടുത്താല്‍ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തില്‍ തടസ്സം വരുമെന്നതിനാല്‍ അതികൃതരും മൗനം പാലിക്കുകയാണെന്നാണ് സൂചന.
Next Story

RELATED STORIES

Share it