malappuram local

ഗെയില്‍ പദ്ധതി: ചോദ്യങ്ങള്‍ക്ക്ഉത്തരമില്ലാതെ അധികൃതര്‍

മലപ്പുറം: ഗെയില്‍ പദ്ധതിയുടെ വിള നഷ്ടപരിഹാര വിതരണത്തിനായി ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ സദസില്‍നിന്നുയര്‍ന്ന ചോദ്യങ്ങളില്‍നിന്നു ജില്ലാ കലക്ടറും ഗെയില്‍ അധികൃതരും ഒഴിഞ്ഞുമാറി. ഭൂമിയുടെ നഷ്ടപരിഹാരം 50 ശതമാനത്തില്‍നിന്ന് നൂറു ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും ഒരു സെന്റ് വയല്‍ ഏറ്റെടുക്കുന്നതിന് 3,761 രൂപ നഷ്ടപരിഹാരം നല്‍കുമെന്നുമാണ് നേട്ടമായി ഇവര്‍ പറഞ്ഞത്. മലപ്പുറം ജില്ലയില്‍ പദ്ധതിയുടെ നടത്തിപ്പിനായി 40 പോലിസ് അംഗങ്ങളുള്ള ആറ് ഗ്രൂപ്പ് കര്‍മ സേന രൂപീകരിച്ചതായും ഇവര്‍ക്ക് രണ്ടുദിവസത്തെ വിജയകരമായ പരിശീലനം പൂര്‍ത്തിയാക്കിയതായും ഗെയില്‍ കണ്‍സ്ട്രക്്ഷന്‍ വിഭാഗം ചീഫ് മാനേജര്‍ യോഗത്തില്‍ പറഞ്ഞു. പദ്ധതിയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്ന 20 ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങുന്ന നാല് പേജ് ലീഫ് ലെറ്റും യോഗത്തില്‍ വിതരണം ചെയ്തു. ഈ പദ്ധതികൊണ്ട് ഒരുനഷ്ടവും ആശങ്കയും ഉണ്ടാവില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന കളമശ്ശേരിയിലെ സ്ഥലം വിട്ടുനല്‍കിയ, സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവന്ന് പദ്ധതിക്ക് സ്തുതിഗീതങ്ങള്‍ പാടിക്കാനും സംഘാടകര്‍ ശ്രമിക്കുകയുണ്ടായി. ജനവാസ മേഖലയെ കഴിവതും ഒഴിവാക്കിയാണ് പൈപ്പ്‌ലൈന്‍ കൊണ്ടുപോവുന്നതെന്ന് ലീഫ് ലെറ്റില്‍ പറയുന്നു. പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന സ്ഥലങ്ങളിലെ വാതക വിതരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള പദ്ധതിയായതിനാല്‍ കടലില്‍ക്കൂടി കൊണ്ടുപോയാല്‍ വിതരണം സാധ്യമല്ലെന്ന വിചിത്ര ന്യായവാദവും ഉന്നയിച്ചിട്ടുണ്ട്. കടല്‍ത്തീരത്ത് പൈപ്പിടുന്നത് ശാസ്ത്രീയമായി സാധ്യമല്ലെന്ന വാദവും ലീഫ്‌ലെറ്റ് ഉയര്‍ത്തുന്നു. നഷ്ടപരിഹാരം കിട്ടാന്‍ എന്തൊക്കെ രേഖകള്‍ ഹാജരാക്കണമെന്ന വിശദാംശവും ലഘുലേഖയിലുണ്ട്. യോഗത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതോടെ ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, അവയ്ക്ക് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയാണ് ഭൂമിക്കു നല്‍കുന്നതെന്നും മാര്‍ക്കറ്റ് വിലയല്ലേ നല്‍കേണ്ടതെന്നുമുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇപ്പോള്‍ വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചാണ് ചര്‍ച്ചയെന്നാണ് കലക്ടര്‍ മറുപടി നല്‍കിയത്. ഗെയില്‍ അധികൃതര്‍ ഈ ചോദ്യത്തോട് മുഖം തിരിക്കുകയും ചെയ്തു. 2018 ജൂണില്‍  പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഇത്രയും കാലം ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ 50 ശതമാനമാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് നൂറ് ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് കലക്ടര്‍ നേട്ടമായി പറഞ്ഞത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില നല്‍കാന്‍ നടപടിയുണ്ടാവില്ലെന്നാണ് യോഗത്തില്‍നിന്ന് വ്യക്തമായത്. ഏറ്റെടുക്കുന്ന വയല്‍ സെന്റിന് 3,761 രൂപ നല്‍കുമെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഭൂമി ഉടമയുടേതാണെന്നും ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുകമാത്രമാണ് ചെയ്യുന്നതെന്നും അതിനാല്‍ മാര്‍ക്കറ്റ് വില നല്‍കേണ്ടതില്ലെന്നും ഒരവസരത്തില്‍ കലക്ടര്‍ പറയുകയുണ്ടായി. ഈ ഭൂമിക്ക് ബാങ്കില്‍ നിന്ന് ലോണ്‍ കിട്ടുമോയെന്നു ചോദിച്ചപ്പോള്‍ അതിനും മറുപടിയുണ്ടായിരുന്നില്ല. ഗെയില്‍ അധികൃതരും ജില്ലാ ഭരണകൂടവും ഒത്തുചേര്‍ന്ന് കളമശ്ശേരിയില്‍ നിന്ന് ഭൂമി വിട്ടുകൊടുത്തവരെ കൊണ്ടുവന്ന് മലപ്പുറത്തുകാരെ കബളിപ്പിക്കാന്‍ നടത്തിയ നാടകമായിരുന്നു നടന്നതെന്ന് ഗെയില്‍ ഇരകള്‍ പരാതിപ്പെടുന്നു.ഇരകളുടെ ഭാഗത്തുനിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് കളമശ്ശേരിയില്‍ നിന്നു വന്നവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. നല്ല ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അവയെല്ലാം സര്‍ക്കാരിനോടു ചോദിക്കണമെന്നായിരുന്നു ഇവരുടെ മറുപടി. പൊന്മള വില്ലേജില്‍ ഭൂമി വിട്ടുനല്‍കിയവരുടെ വിളയുടെ ആനുകൂല്യമാണ് ചടങ്ങില്‍ വിതരണം ചെയ്തത്. 9.48 ലക്ഷം രൂപ അഞ്ച് പേര്‍ക്കായി നല്‍കി. ഗെയില്‍ കണ്‍സ്ട്രക്്ഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ ടോണി മാത്യ, ചീഫ് മാനേജര്‍ പ്രിന്‍സ് പി ലോറന്‍സ്, എന്‍ജിനീയര്‍ ബാബു മാത്യൂ, ഡെപ്യുട്ടി കലക്ടര്‍ സി രാമചന്ദ്രന്‍, ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, ആര്‍ഡിഒ അനീഷ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it